തൃപ്പൂണിത്തുറ: വയറു നിറയെ ആഹാരം. വില 20 രൂപ. നിർദ്ധനർക്ക് ഭക്ഷണം സൗജന്യം. പുതിയകാവ് തെക്കുംപുറത്താണ് കൊവിഡ് കാലത്ത് മിതമായ നിരക്കിൽ ഭക്ഷണം വിളമ്പുന്ന ഊട്ടുശാല പ്രവർത്തിക്കുന്നത്. രാവിലെ ഏരയോടെ ഊട്ടുശാല സജ്ജമാകും. ഈ സമയം ചൂടൻ ഇഡലിയും ദോശയും വാങ്ങാൻ നിരവധിപ്പേരെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ ഊണ് തയ്യാറാകും. മൂന്ന് തരം കറിയോടെ വിളമ്പുന്ന ഊണിനും ആവശ്യക്കാർ ഏറെയാണ്. ലോക്ക്ഡൗണിൽ വിശന്നുവലയുന്നവർക്ക് ഉച്ചയൂണു സൗജ്യമാണ്.തെക്കുംപുറം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ഊട്ടുശാല ഇതിനോടകം നിരവധിപ്പേരുടെ വിശപ്പകറ്റി.അതേസമയം നിർദ്ധനരുടെ വീടുകളിൽ ഭക്ഷണം എത്തിച്ചിരുന്നെങ്കിലും അനർഹർ ഇതിൽ കടന്നുകൂടി. ഇതോടെ വീടുകളിലേക്കുള്ള ഭക്ഷണവിതരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പുതിയകാവ് എൻ.എസ്. എസിന്റെ ശ്രീ ഭദ്ര ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്.കരയോഗം പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, വനിതാസമാജം സെക്രട്ടറി ഓമന ചന്ദ്രമോഹൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. തുടക്കത്തിൽ സംഘാടകർ തങ്ങളുടെ കൈയിൽ നിന്നാണ് ഇതിനു വേണ്ട ചെലവുകൾ കണ്ടെത്തിതിയിരുന്നത്. ഇന്ന് നഗരസഭയും നാട്ടുകാരും ജനമൈത്രി പൊലീസും ഈ സത്കർമ്മത്തിൽ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്ന് സന്തോഷ് ചാലിയത്ത് പറഞ്ഞു.