വൈപ്പിൻ: പൊക്കാളി നെൽക്കൃഷിക്ക് പേരുകേട്ടയിടമാണ് വൈപ്പിൻ. എന്നാൽ ഇന്ന് വൈപ്പിനിലെ നെൽ കർഷകർക്ക് പൊക്കാളിയോട് ആത്ര താത്പര്യമില്ല. ലാഭം ആറുമാസത്തെ ചെമ്മീൻ കൃഷിയിലാണ് എല്ലാവരുടേയും കണ്ണ്.ലാഭം തന്നെ കാരണം.ആറ് മാസം പൊക്കാളികൃഷി പിന്നീട് ആറ് മാസം ചെമ്മീൻ കൃഷി എന്നതാണ് പൊക്കാളി പാടങ്ങളിലെ നാട്ടു നടപ്പ്. ഇതു സർക്കാർ നിയമവുമാണ്.പേരിന് പൊക്കാളി കൃഷി ഇറക്കുന്നുവെന്ന് വരുത്തി തീർകയാണ് പലരും ചെയ്യുന്നത്.സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പൊക്കാളി കൃഷിയുള്ളത്.
പാടങ്ങളിലെല്ലാം ചെമ്മീൻകൃഷി
ഏപ്രിൽ14 വരെയുള്ള ആറ് മാസം ചെമ്മീൻ കൃഷിയും ഏപ്രിൽ 15 മുതൽ ആറ് മാസത്തേക്ക് പൊക്കാളിയുമാണ് ചെയ്യാൻ അനുമതി. പൊക്കാളിക്ക് ആദ്യ പടിയായി പാടശേഖരങ്ങളിലെ വെള്ളം മുഴുവൻ പുറത്തേക്ക് വിടണം. നിലം വറ്റിച്ച് കൃഷിക്ക് അനുയോജ്യമാക്കണം. തുടർന്ന് ആഘോഷമായാണ് വിത്തിറക്കുന്നത്. എല്ലായിടത്തും വിത്തിറക്കേണ്ട സമയാണിപ്പോൾ. പക്ഷേ പല പാടശേരങ്ങളിലും ഇപ്പോഴും ചെമ്മീൻ കൃഷി തുടരുകയാണ്.പൊക്കാളിയിൽ നിന്ന് കാര്യമായ ലാഭം ഉണ്ടാകില്ല. ചിലപ്പോൾ നഷ്ടവും നേരിടും.പൊക്കാളി കൃഷി നടക്കേണ്ടത് നാടിന്റെ പൊതു ആവശ്യമായതിനാലാണ് സർക്കാർ നിയമത്തിലൂടെ ഇതു പ്രാബല്യത്തിലാക്കിയത്. ജില്ലാ ഭരണകൂടവും കൃഷി ഭവനുകളും പൊക്കാളി വികസന ഏജൻസിയും പൊക്കാളിക്കായി രംഗത്തുണ്ട്. പൊക്കാളിക്കായി വൈപ്പിൻ മണ്ഡലത്തിൽ മാത്രം നബാർഡ് വഴി 68 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
നിയമസുരക്ഷ
പ്രധാനമായും തീരദേശങ്ങളോട് ചേർന്ന് ചെളി നിറഞ്ഞ പാടശേഖരങ്ങളാണ് പൊക്കാളിക്ക് അനുയോജ്യം. വൈപ്പിൻ കരയിലെ ആറ് പഞ്ചായത്തുകൾ, സമീപ പഞ്ചായത്തുകളായ മുളവുകാട്, കടമക്കുടി, വരാപ്പുഴ, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, കണ്ണമാലി എന്നിവിടങ്ങളിലാണ് പൊക്കാളി കൃഷിയുള്ളത്. നായരമ്പലത്ത് പൊക്കാളി വിത്തിറക്കിയിട്ടുണ്ട്. അയ്യമ്പിള്ളി കൃഷി സമാജവും എടവനക്കാട് കെ. എ. സാജിത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയും വിത്ത് വിത പൂർത്തിയാക്കി. അതേസമയം ചെമ്മീൻ കൃഷി ചെയ്യുന്നവർക്ക് ലൈസൻസ് വേണം. ഇതിനായി നേരത്തെ നടത്തിയ പൊക്കാളികൃഷി രേഖകൾ ഹാജരാക്കണം. ഈ നിയമമുള്ളതുകൊണ്ട് മാത്രമാണ് പൊള്ളി ഇപ്പോൾ നിലനിൽക്കുന്നത്.കൃഷി ഇറക്കിയതും ഇറക്കാത്തതുമായ നിലങ്ങളുടെ വിവരങ്ങൾ ജൂലായ് മാസത്തിൽ കൃഷി ഭവനുകൾ മുഖേന ശേഖരിക്കും. കൃഷി നടത്താത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുകയും സർക്കാർ സഹായ ധനം റദ്ദാക്കുകയും ചെയ്യും.
പൊക്കാളി കൃഷി തുടങ്ങിയെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ മാത്രം ചില ചില്ലറ പണികൾ തുടങ്ങി വെച്ചിട്ടുണ്ട്. ഭൂരിപക്ഷം പാടശേഖരങ്ങളും വെള്ളം വറ്റിക്കാതെ, നിലം കിളക്കാതെ വെള്ളം നില നിർത്തി ചെമ്മീൻ കൃഷി തുടരുകയാണ്
എൻ. ബി. അരവിന്ദാക്ഷൻ
ഏരിയ പ്രസിഡന്റ്
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ