കോലഞ്ചേരി: കുന്നത്തുനാട്ടിലെ മുടങ്ങികിടന്ന റോഡ് നിർമാണങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കുമെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട വിഷയം സബ്മിഷനിലൂടെ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവലോകന യോഗം. കുന്നത്തുനാടിന് വ്യവസായിക പ്രാധാന്യം ലഭിക്കുന്ന പദ്ധതികളിലൊന്നായ തങ്കളം - കാക്കനാട് നാലുവരി പാതയുടെ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11.30 ന് മന്ത്രി മനക്കകടവിലെത്തും. തുടർന്ന് കുന്നത്തുനാട്ടിലെ മുടങ്ങി കിടക്കുന്ന റോഡ് നിർമാണങ്ങളായ നെല്ലാട് - മനക്കകടവ്, മണ്ണൂർ - പോഞ്ഞാശേരി റോഡുകളുടെ തൽസ്ഥിതിയും വിലയിരുത്തും. പത്ത് വർഷത്തെ ഇടവേളക്കുശേഷമാണ് തങ്കളം - കാക്കനാട് റോഡ് നിർമ്മാണ പദ്ധതി പുനരാരംഭിക്കാൻ കളമൊരുങ്ങുന്നത്. പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് സ്ഥലമേറ്റെടുക്കാൻ 67 കോടി രൂപ ഇതിനോടകം അനുവദിച്ചെങ്കിലും കോതമംഗലത്ത് 1150 മീറ്റർ റോഡ് നിർമ്മാണം മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. കോതമംഗലം പട്ടത്തിലേക്ക് മുറിയുന്ന ഭാഗത്തെ റോഡിന്റെ നിർമാണമാണ് പൂർത്തീകരിച്ചത്. തുടർ നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബിയിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇലവൻ വൺ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവ്വേ നടപടികൾ പുരോഗമിച്ച് വരികയാണ്. മന്ത്റിയുടെ ഇടപെടൽ ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ പ്രവർത്തനങ്ങൾ വേഗത്തിലേക്കുമെന്ന് അഡ്വ.പി.വി. ശ്രീനിജിൻ പറഞ്ഞു.