blood

ഇന്ന് ലോക രക്തദാനദിനം

കൊച്ചി: കൊവിഡ് ഭീതിയിൽ നിലച്ചുപോയ സന്നദ്ധ രക്തദാന പ്രവർത്തനങ്ങളെ പൂർവസ്ഥിതിലെത്തിക്കാൻ അഹോരാത്രം പോരാടിയവരിൽ മുമ്പന്തിയിലാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന യുവാക്കളുടെ സന്നദ്ധ കൂട്ടായ്മ. ഒന്നരവർഷത്തിന് മുമ്പേ സ്ഥിര രക്തദാതാക്കൾ പോലും ഭീതിയാൽ മാറിനിന്നു. ബോധവത്കരിച്ചും കർശന സുരക്ഷാമുൻകരുതലിലൂടെയും രക്തദാനത്തെ പ്രോത്സാഹിപ്പിച്ച് ലഭ്യത ഉറപ്പാക്കാനുള്ള ദൗത്യത്തിലാണ് സംഘടന.

കൊവിഡ് കാലത്ത് പതിനായിരത്തോളം രക്തദാനങ്ങളാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഏകോപനത്തിലൂടെ നടത്തിയത്. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലോക്ക് ഡൗൺ കാലത്ത് ദാതാക്കൾക്കുള്ള സൗജന്യ വാഹന സൗകര്യങ്ങൾ നൽകി. 20 ഓളം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലായാണ് രക്തദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സന്നദ്ധ സംഘടനകൾ നടത്തിവന്നിരുന്ന രക്തദാന ക്യാമ്പുകൾ ബ്ലഡ് ബങ്കുകളിലേക്ക് മാറ്റിയതോടെ കൂടുതൽ പേർ സന്നദ്ധ രക്തദാനത്തിന്റെ ഭാഗമായി. ആശുപത്രികളുമായി സഹകരിച്ച് രക്തദാതാക്കൾക്കും രോഗികൾക്കും ബ്ലഡ് ബാങ്കിലെത്താൻ പ്രത്യേക സൗകര്യമൊരുക്കി. ബ്ലഡ് ബാങ്കുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പൂർണമായും അണുനശീകരണം ഉറപ്പുവരുത്തി.

അയ്യായിരം സ്ഥിര ദാതാക്കൾ

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഭാഗാമായി ആയ്യായിരത്തോളം സ്ഥിര ദാതാക്കളുണ്ട്. ഇവർ കൃത്യമായി മൂന്നു മാസം കൂടുമ്പോൾ രക്തദാനം ചെയ്യുന്നു. ആറായിരത്തോളം പേർ ആറു മാസം കൂടുമ്പോൾ സ്ഥിരമായി രക്തം ദാനം ചെയ്യുന്നു. പതിനായിരത്തോളം പേർ കൂട്ടായ്മയുടെ ഭാഗമായി രക്തദാനം ചെയ്യുന്നു. ആറുപേരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ആരംഭിച്ചത്. പ്രായഭേദമന്യേ രക്തം ദാനം ചെയ്യാൻ സന്നദ്ധരായിട്ടുള്ളവർ കൂട്ടായ്മയുടെ ഭാഗമാണ്.

രക്തം കൂടുതൽ ആവശ്യമുള്ള ജില്ല

വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ രോഗികൾ എത്തുന്ന എറണാകുളം ജില്ലയിലാണ് രക്തം കൂടുതൽ ആവശ്യം. രക്തദാന കേന്ദ്രങ്ങൾ കൂടുതലും ജില്ലയിലാണ്. പ്രതിദിനം അഞ്ചൂറിലധികം ആളുകളെ ആവശ്യമായി വരുന്നുണ്ട്. ഹൃദയമാറ്റശസ്ത്രക്രിയ, കാൻസർ ചികിത്സാ ശസ്ത്രക്രിയകൾ എന്നിവയ്‌ക്കൊപ്പം കൊവിഡ് രോഗികൾക്കും മറ്റു പകർച്ചവ്യാധികൾ ബാധിക്കുന്നവർക്കും രക്തം ആവശ്യമാണ്. ജില്ലയിൽ രക്താവശ്യകതയും കൂടുതലാണ്.

ജിഷ്ണുരാജ്,ജില്ലാ പ്രതിനിധി,ബ്ലഡ് ഡോണേഴ്‌സ് കേരള

കൊവിഡ് വിലങ്ങുതടിയായി

രക്തദാനത്തിന് കൊവിഡ് വ്യാപനം വില്ലൻ തന്നെയാണ്. യുവാക്കളിലെ രോഗബാധയും വാക്‌സിനേഷനുമെല്ലാം പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി. വാക്‌സിനേഷന് മുമ്പ് രക്തദാനം ചെയ്യാനായി പ്രേരിപ്പിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഗുണം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ഉൾപ്പെടെ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം പരിഹരിക്കാൻ സഹായിച്ചു.

ഡോ. എബ്രഹാം വർഗീസ്,മെഡിക്കൽ ഓഫീസർ,ഐ.എം.എ ബ്ലഡ് ബാങ്ക്