പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ശിവ-പാർവതി മണ്ഡപത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർത്ത നിലയിൽ. ഇന്നലെ പുലർച്ചെ ഇതുവഴി പോയ ഭക്തരാണ് വിവരം ഭാരവാഹികളെ അറിയിച്ചത്. ശനിയാഴ്ച രാത്രി 11 ന് ശേഷമാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു.
വിവരമറിഞ്ഞ് പുലർച്ചെ 6 മണിയോടെ ഭക്തർ സ്ഥലത്ത് തടിച്ചുകൂടി. ഭാരവാഹി കെ.വി.സരസനും പ്രവർത്തകരായ സി.ജി.പ്രതാപൻ, ഷിജു ചിറ്റേപ്പിള്ളി എന്നിവരും പുലർച്ചെ സ്ഥലത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് സ്ഥലം സന്ദർശിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതേ ദിവസം തന്നെ പള്ളുരുത്തി ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലും തകർത്തിട്ടുണ്ട്. തകർക്കാൻ ഉപയോഗിച്ച ചുറ്റിക ബസിനുള്ളിൽ കണ്ടെത്തി. പശ്ചിമകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോയൽ ബസിന്റെ പിൻവശത്തെ യേശുക്രിസ്തുവിന്റെ ചിത്രം പതിച്ച ചില്ലാണ് തകർത്തത്. ബസുടമയും പൊലീസിൽ പരാതി നൽകി.