ആലുവ: കൊവിഡ് മഹാമാരിയും ലോക്ക്ഡൗൺ മൂലവും ദുരിതത്തിലായ മലയാളി കുടുംബത്തിന് അന്യസംസ്ഥാന തൊഴിലാളിയുടെ കൈത്താങ്ങ്. 11 വർഷത്തോളമായി കുട്ടമശേരിയിൽ താമസിക്കുന്ന കൽക്കട്ട മുർഷിദബാട് സ്വദേശി ബാബു എന്ന് വിളിക്കുന്ന റഫീഖുൽ സ്വഹയാണ് മലയാളി കുടുംബത്തിന് കൈതാങ്ങായത്.
കെട്ടിട നിർമ്മാണ കരാറുകാരനായിരുന്ന ബാബു കൊവിഡ് മൂലം പണി കുറഞ്ഞതോടെ കൂലി പണിയെടുത്താണ് ഇപ്പോൾ ജീവിക്കുന്നത്. എങ്കിലും തനിക്ക് കിട്ടുന്നതിൽ ഒരു ഓഹരി ദരിദ്രർക്കും കൊടുക്കാൻ തയ്യാറായി. ക്ഷേമം അന്വേഷിച്ച് ചെന്ന പൊതുപ്രവർത്തകൻ സുനീർ പാലക്കലിനോട് ഒരു കുടുംബത്തിന് സഹായം നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് സുനീർ കുന്നുംപുറത്ത് താമസിക്കന്ന ശിവജിക്ക് 1100 രൂപ വിലയുള്ള ഭക്ഷ്യക്കിറ്റ് നൽകുകയായിരുന്നു. കുട്ടമശേരിയിലെ ഒറ്റമുറിയിൽ വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാനക്കാരന്റെ സഹായഹസ്തം മറ്റുള്ളവർക്ക് മാതൃകയാണ്. റമദാൻ മാസങ്ങളിൽ പള്ളികളിൽ സമൂഹ നോമ്പ് തുറ ഉൾപ്പടെയുള്ള സത്കർമ്മങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ബാബു.