പറവൂർ: ഫാർമസി കോഴ്സ് വിദ്യാർത്ഥിനിയായ 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോട്ടുവള്ളി സ്വദേശി അമൽ ശിവദാസി (22)നെതിരെ പൊലിസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് വരാപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മുനമ്പം സ്റ്റേഷനിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്.
അയൽവാസികളായ ഇവർ ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. മൂന്നു മാസം മുമ്പ് ചെറായി ബിച്ചിനു സമീപത്തെ ലോഡ്‌ജിൽ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കാമെന്നു പറഞ്ഞ് രജിസ്ട്രാർ ഓഫീസിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം പ്രതി മുങ്ങി. ഇതോടെയാണ് പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചത്. വരാപ്പുഴ പൊലീസ് രണ്ടു പേരുടെയും വീട്ടുകാരെ വിളിച്ച് സംസാരിച്ചപ്പോൾ രജിസ്ട്രാർ ഓഫീസ് തുറന്നാൽ വിവാഹം നടത്താമെന്ന് ധാരണയിലെത്തി. പിന്നീട് പ്രതിയുടെ വീട്ടുകാർ ഒഴിഞ്ഞുമാറിയതോടെയാണ് കേസെടുത്തത്.
പീഡനം നടന്നത് മുനമ്പം സ്റ്റേഷന്റെ പരിധിയിലായതിനാൽ വരാപ്പുഴ പൊലീസ് കേസ് കൈമാറുകയായിരുന്നു. രണ്ടു തവണ പൊലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ പ്രതിക്ക് നിലവിൽ ജോലിയില്ല. എൽ.ഡി.എഫിലെ ഘടകകക്ഷിയുടെ ജില്ലാ നേതാവിന്റെ മകനാണ് പ്രതി.