കൊച്ചി: കൊവിഡ് കാലത്ത് നഗരത്തിലെ രോഗബാധിതർക്ക് കൊച്ചി നഗരസഭ 51 ദിവസം കൊണ്ട് വിതരണം ചെയ്തത് 2,00,014 ഭക്ഷണപ്പൊതികൾ. രോഗികൾ കുറഞ്ഞതിനാൽ ഭക്ഷണവിതരണം നിറുത്തിവച്ചു. എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ടി.ഡി.എം ഹാളിലാണ് ഭക്ഷണം തയ്യാറാക്കി പൊതികളാക്കി വിതരണം ചെയ്തത്.നഗരസഭയുടെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഭക്ഷണവിതരണം നടത്തിയതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. തുടക്കത്തിൽ എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ നൽകിയ സഹായത്തോടെയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. രണ്ടു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഭക്ഷണസാധനങ്ങളും അദ്ദേഹം കടമായി നൽകി.
കൈകോർത്ത് നഗരം
പിന്നീട് നഗരത്തിലെ ചുമട്ടുതൊഴിലാളി നേതാവായ കെ.എം.അഷ്റഫും പദ്ധതി മുന്നോട്ടുകൊണ്ടു പോകാൻ സഹായിച്ചു. ചുമട്ടുതൊഴിലാളികളാണ് ഭക്ഷണ വിതരണത്തിന് സന്നദ്ധപ്രവർത്തനം നടത്തിയത്. കരയോഗത്തിലെ ജീവനക്കാർ സൗജന്യമായാണ് ഭക്ഷണം ഒരുക്കാനും വിതരണത്തിനും ഒപ്പമുണ്ടായിരുന്നു. കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും എറണാകുളം നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് പൊലീസും പിന്തുണ നൽകി. ഭക്ഷണപ്പൊതികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ എത്തിച്ചത് ടുക്സി എന്ന ഓൺലൈൻ സംരംഭത്തിന്റെ സഹായത്തോടെ ഓട്ടോതൊഴിലാളികളാണ്.
കൈയയച്ച് സംഭാവനകൾ
സംഭാവനകൾ സ്വീകരിച്ച് പ്രവർത്തനം മുമ്പോട്ടു കൊണ്ടുപോകാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ പിന്തുണയും പദ്ധതിയുടെ വിജയത്തിന് സഹായിച്ചു. സാധാരണക്കാരായ വ്യക്തികൾ ഉൾപ്പടെ ഒട്ടേറെപ്പേർ സാമ്പത്തികമായും അദ്ധ്വാനം കൊണ്ടും സംഭാവനകൾ നൽകി. ഭാരതീയ വിദ്യാഭവൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിച്ചു. ഭക്ഷണവിതരണത്തിന് ആരംഭിച്ച അക്കൗണ്ടിൽ ബാക്കിയുള്ള തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും.
മാതൃകാപ്രവർത്തനം
ജാതിമതപരിഗണനകൾക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി മനുഷ്യർ ഒന്നിച്ച കാലമാണ് പ്രളയത്തിന്റെയും കൊവിഡിന്റെയും നാളുകൾ. എല്ലാവരും ഒരു കുടക്കീഴിൽ അണിനിരന്നതാണ് ഭക്ഷണവിതരണ പദ്ധതി വിജയകരമാകാൻ കാരണം. ഭാവിപ്രവർത്തനങ്ങൾക്കും ഇത് മാതൃകയാകും.
അഡ്വ.എം. അനിൽകുമാർ
മേയർ