മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ പൊതു ഗതാഗത വികസനം ലക്ഷ്യമിട്ട് രണ്ട് ഉന്നത തലയോഗങ്ങൾ ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് നേരിട്ടാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. മൂവാറ്റുപുഴയുടെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായ ടൗൺ വികസനവും, മുറിക്കല്ല് പാലവും അനുബന്ധ വൈപാസും അടിയന്തരമായി പൂർത്തിയാക്കലാണ് പ്രധാനമായും യോഗത്തിന്റെ അജണ്ട.
ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ മൂവാറ്റുപുഴയുടെ പൊതുവികസനം സംബന്ധിച്ച് മുൻ എം.എൽ. എമാരുമായി ചർച്ച നടത്തിയിരുന്നു. അവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് മുൻഗണനാ ക്രമത്തിൽ ടൗൺ വികസനവും മുറിക്കല്ല് പാലവും പൂർത്തിയാക്കാനായിരുന്നു ധാരണ. തുടർന്ന് എം.എൽ.എ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയേതുടർന്നാണ് മൂവാറ്റുപുഴക്കായി മന്ത്രി യോഗം വിളിച്ചത്. മറ്റൊരു പ്രധാന ഗതാഗത പ്രശ്നമായ തങ്ങളം കാക്കനാട് എൻ.എച്ചിന്റെ സുപ്രധാന യോഗവും ഇന്ന് നടക്കും. മന്ത്രിക്ക് പുറമേ ആന്റണി ജോൺ എം.എൽ.എ, അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ, പി.ടി തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.