ameen

വൈറ്റില: ടി.വിയിൽ കാർട്ടൂൺ ചിത്രങ്ങൾ കണ്ട് നേരം കളയുകയല്ല,​ ഭാഷ പഠിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏഴുവയസുകാരൻ അമീൻ ഷെമീർ. ഇംഗ്ലീഷും ഹിന്ദിയും അനായാസേന ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ ഈ മൂന്നാം ക്ലാസുകാരന് കഴിയും. വെണ്ണല ചക്കരപ്പറമ്പ് ആ ലിങ്ങാപ്പറമ്പിൽ ഷെമീർ-സജ്ന ദമ്പതികളുടെ മൂത്ത മകനാണ് അമീൻ ഷെമീർ. ഇംഗ്ലീഷിലും ഹിന്ദിയിലും എന്ത് ചോദിച്ചാലും കൃത്യവും വ്യക്തവുമായ മറുപടി പ്രതീക്ഷിക്കാം അമീനിൽ നിന്ന്. ഉത്തരത്തിനായി ആലോചിച്ച് സമയം തള്ളി നീക്കില്ല. ഒപ്പം 3800 കാർട്ടൂൺ കഥാ പാത്രങ്ങളുടെ പേരും ഈ മിടുക്കന് കാണാപ്പാഠം. വീട്ടുജോലി എടുക്കുന്ന നേരത്ത് അമീൻ കരയാതിരിക്കാൻ ടി.വിയിൽ കാർട്ടൂൺ സിനിമകൾ വച്ചു കൊടുത്താണ് തുടക്കം. അതിലൂടെയാണ് ഈ ഭാഷകൾ സംസാരിക്കാൻ പഠിച്ചത്. വെളുപ്പിനെ തന്നെ കാർട്ടൂൺ ചിത്രങ്ങൾ കാണാൻ നിർബന്ധിച്ചിരുന്നു. ഇത് തലച്ചോറിലെ ഭാഷാ സംവേദനനാഡീ വ്യൂഹങ്ങളെ ഉത്തേജിപ്പിച്ചതാകാം ഈ നേട്ടത്തിന് വഴിവച്ചതെന്നാണ് സൈക്കോ തെറാപ്പി,​ കൗൺസിലിംഗ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കോർ പവർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്താരാഷ്ട്ര കമ്പനിയുടെ ചെയർമാൻ ഡോ. മുഹമ്മദ് ഇക്ബാബാലിന്റെ ചെറുമകനാണ് അമീൻ. ഇതര സംസ്ഥാനക്കാർ ആരെങ്കിലും വീട്ടിലെത്തിയാൽ അവരോട് സംസാരിക്കാനും വിവരങ്ങൾ ചോദിച്ചറിയാനും അമീനാണ് വീട്ടുകാർക്കാശ്രയം