patel

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ദ്വീപിലെത്തുമ്പോൾ പദ്ധതികളുടെ വിലയിരുത്തലിനും പ്രഖ്യാപനങ്ങൾക്കുമൊപ്പം വിവാദങ്ങളുുമുണ്ടാകും. ലക്ഷദ്വീപ് വൈദ്യുതി വകുപ്പിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങളെ കുറിച്ച് പ്രഖ്യാപനം നടന്നേക്കും. എന്നാൽ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് പട്ടേലിന്റെ നീക്കമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആരോപിക്കുന്നത്. വൈദ്യുതി ചാർജ് വർദ്ധനയും 25 വർഷം സർവ്വീസുള്ളവരെ പിരിച്ചുവിടുകയുമാണ് ലക്ഷ്യമത്രെ.

അഗത്തി ദ്വീപിൽ കടലിനഭിമുഖമായി നിർമിക്കുന്ന 150 ബെഡ് ആശുപത്രി സമുച്ചയത്തെ കുറിച്ചും കവരത്തി ദ്വീപിൽ പുതിയ പവർഹൗസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തെക്കുറിച്ചും തീരുമാനമെടുക്കും. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ഗ്ലാമർ പദ്ധതിയാണ് സ്മാർട്ട് സിറ്റി. ഇത് സംബന്ധിച്ച പ്രാഥമിക ആസൂത്രണങ്ങൾ തയ്യാറാക്കും.

എന്നാൽ ദ്വീപിന്റെ ഭൂമി ശാസ്ത്രമനുസരിച്ച് മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ കെട്ടിയിടുന്നത് കടൽ കരയോട് ചേരുന്ന പാണ്ഡ്യാലകളിലും ഷെഡുകളിലുമാണെന്നും ഈ പദ്ധതിയുടെ പേരിൽ ഇവരെ പറിച്ച് നടുകയാണ് ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട്. കവരത്തി ദ്വീപിലെ ഹെലിപാഡ് നിർമ്മാണത്തിലും തീരുമാനമുണ്ടാകും. ഇതിന് തൊട്ടടുത്തുള്ള ഇന്ത്യ റിസർവ് സേന അംഗങ്ങളുടെ ഹൗസിംഗ് കോളനി ഹെലിപാഡിന്റെ പേരിൽ തകർക്കരുതെന്ന് ആവശ്യവുമുയരുന്നുണ്ട്.