കുറുപ്പംപടി: പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.എൻ ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുന്നു. വീടില്ലാത്തവർക്ക് വീട്, ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സമാനചിന്താഗതിക്കാരായ പ്രവർത്തകർ സമ്പാദ്യത്തിൽനിന്ന് ചെറിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചുകൊണ്ടും മറ്റു പ്രമുഖരിൽനിന്ന് സംഭാവനയായി സ്വീകരിച്ചുകൊണ്ടുമാണ് സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നത്.
കൊവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്ന ആളുകൾക്ക് കൈത്താങ്ങായുള്ള പ്രവർത്തനങ്ങളുമായി സജീവമായി ഇവർ രംഗത്തുണ്ട്. ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം പൂർത്തീകരിച്ചു. പെരുമ്പാവൂർ വട്ടക്കാട്ടുപടി, മണ്ണൂർ പ്രദേശങ്ങളിലായി 250 കിറ്റുകളാണ് അഞ്ചാംഘട്ടം വിതരണം നടത്തിയത്. വട്ടക്കാട്ടുപടി എസ്.സി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് ആലുവ ഇമാം ഫൈസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിജു അനസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മെമ്പർ അനസ്, ബാവകുഞ്ഞ്, പൗലോസ് എന്നിവർ സംസാരിച്ചു.
മണ്ണൂർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ 200 ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ശീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സതീഷ്, എസ്.എൻ ഫൗണ്ടേഷൻ പ്രവർത്തകരായ അനിൽ കണ്ണോത്ത്, ജിതിൻ അകനാട്, അരുൺ മേതല, പ്രവീൺ പെരുമ്പാവൂർ, വാർഡ് മെമ്പർ ജയേഷ് തുടങ്ങിയവർ സംസാരിച്ചു.