lucy

കൊച്ചി: സീറോ മലബാർസഭയിലെ സിസ്റ്റർ ലൂസി കളപ്പുരയെ സന്യസ്തസഭയിൽ നിന്ന് പുറത്താക്കിയത് വത്തിക്കാനിലെ കത്തോലിക്കാ സഭ സുപ്രീംകോടതിയായ അപ്പൊസ് തോലിക് സെന്യൂര ശരിവച്ചു. സിസ്റ്റർ ലൂസി സമർപ്പിച്ച അപ്പീലാണ് കോടതി തള്ളിയത്. ഒരാഴ്ചയ്ക്കകം മാനന്തവാടി കാരയ്ക്കാമല വിമല ഹോം മഠത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സന്യസ്തസഭാ സുപ്പീരിയർ ജനറൽ ജൂൺ 13ന് നോട്ടീസ് നൽകി. ആലുവ ആസ്ഥാനമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷൻ (എഫ്.സി.സി) അംഗമാണ് ലൂസി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കേരളത്തിലെ കന്യാസ്ത്രീകൾക്ക് അയച്ച കത്തിലാണ് ഹർജി തള്ളിയെന്ന് അറിയിച്ചത്.

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുക്കുകയും സഭയിലെ അനീതികൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതാണ് സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചത്. സഭയിൽ നിന്ന് യാതൊരു സാമ്പത്തിക ആനുകൂല്യവും ലൂസിക്ക് ലഭിക്കില്ല. അദ്ധ്യാപികയെന്ന നിലയിൽ ലഭിച്ച ശമ്പളത്തിൽ നിന്ന് മഠത്തിന് വിഹിതമായി നൽകിയ തുക തിരിച്ചുനൽകും. ഏതാനും വർഷമായി ശമ്പള വിഹിതം മഠത്തിന് നൽകിയിരുന്നില്ല. ശമ്പളം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. പെൻഷൻ പറ്റിയതിനാൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെ വൻതുക ലഭിച്ചിട്ടുണ്ട്. പിതാവിന്റെ സ്വത്തായ 50 ഏക്കർ സ്ഥലത്തിൽ പകുതിക്ക് അവകാശമുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റ് ആനുകൂല്യങ്ങൾ നൽകില്ലെന്ന് കത്തിൽ പറയുന്നു.


 സഭ ചുമത്തിയ പ്രധാന കുറ്റങ്ങൾ

  1. സഭാവിരുദ്ധ പ്രവർത്തനങ്ങൾ
  2. അദ്ധ്യാപികയെന്ന നിലയിലുള്ള ശമ്പളം മഠത്തിന് നൽകാതായി
  3. 2015ൽ നൽകിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല.
  4. ചുരിദാർ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു
  5. ഡ്രൈവിംഗ് ലൈസൻസ് നേടി, സ്വന്തമായി കാർ വാങ്ങി.
  6. സഭയ്‌ക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു, ചർച്ചകളിൽ പങ്കെടുത്തു.

 പുറത്താക്കൽ ഇങ്ങനെ

 മഠം വിടില്ല, വിധി വ്യാജം: സിസ്റ്റർ ലൂസി കളപ്പുര

കൽപ്പറ്റ:മഠം വിടണമെന്ന എഫ്.സി.സി യുടെ കത്ത് അംഗീകരിക്കില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് സംശയമുണ്ട്. തന്റെ ഭാഗം വത്തിക്കാൻ കോടതി കേട്ടിട്ടില്ല.അവിടെ തനിക്ക് വക്കീലുണ്ട്. അപ്പീൽ തള്ളിയതായി അഭിഭാഷകൻ അറിയിച്ചിട്ടില്ല. ഇന്ത്യൻ കോടതി നിയമങ്ങൾ പറയുന്നത് അനുസരിക്കും.

രണ്ട് ദിവസം മുൻപ് വത്തിക്കാനിൽ നിന്നെന്ന പേരിൽ കത്ത് കിട്ടിയിരുന്നു.മേയ് 27 തീയതിവച്ച കത്ത് കിട്ടിയിരുന്നു. വത്തിക്കാനിലെ എന്റെ അഭിഭാഷകൻ വിചാരണയിൽ പങ്കെടുക്കുന്നതിന് മുൻപുള്ള കത്താണത്.