കൊച്ചി: ഫിൻലൻഡിലെ ഹമീൻലിന്ന നഗരസഭയുടെ താക്കോൽസ്ഥാനത്ത് ഇത്തവണയും തൃപ്പൂണിത്തുറക്കാരൻ രഞ്ജിത്ത് ഉണ്ടാകും. എറണാകുളം മരട് സ്വദേശിയായ പി. രഞ്ജിത്ത് കുമാർ നാലാംതവണയാണ് ഹമീൻലിന്ന നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒരുതവണ കാബിനറ്റ് അംഗവും കഴിഞ്ഞ തവണ വൈസ് ചെയർമാനുമായിരുന്നു. ഇത്തവണയും വൈസ് ചെയർമാൻ സ്ഥാനം ഉറപ്പെന്നാണ് സൂചന.നാലുവർഷം കാലാവധിയുള്ള നഗരസഭയിൽ 12 വർഷമായി രഞ്ജിത്തുണ്ട്.
ആരോഗ്യവകുപ്പിലെ ജീവനക്കാരനായ രഞ്ജിത്തിന്റെ ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനമാണ് ജനശ്രദ്ധ ആകർഷിച്ചത്. 20 വർഷം മുൻപ് 27-ാം വയസിലാണ് രഞ്ജിത്ത് 'പാതിരാസൂര്യന്റെ നാടെ'ന്ന് സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ട് വിശേഷിപ്പിച്ച ഫിൻലൻഡിൽ എത്തിയത്.
കൊച്ചിയിൽ സന്ദർശനത്തിനെത്തിയ ഫിൻലൻഡ് സ്വദേശി മിന്ന എക്ലോഫുമായുള്ള കൂടിക്കാഴ്ചയായിരുന്നു നിമിത്തം. സൗഹൃദം വളർന്ന് പ്രണയമായി. മിന്ന എക്ലോഫുമൊത്ത് ഹമീൻലിന്നയിൽ സ്ഥിരതാമസമാക്കി. അവിടെ എത്തിയശേഷം ബി.എസി.സി നഴ്സിംഗും മറ്റ് ചില കോഴ്സുകളും പഠിച്ച ശേഷമാണ് ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചത്.
കഴിഞ്ഞ 13നായിരുന്നു നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ രഞ്ജിത്തിന് 329 വോട്ടോടെ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. കേരളത്തിലേതു പോലെ വാർഡ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പല്ല. ഒമ്പത് പാർട്ടികളാണുള്ളത്. അവർ പ്രതിനിധികളെ നഗരസഭയിൽ നിറുത്തും. താല്പര്യമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം.
സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് ഒന്നാമതെത്തിയ കൊക്കൂമെസ് പാർട്ടിയെക്കാൾ 500 വോട്ടിന്റെ കുറവുണ്ടെങ്കിലും ഇരുപാർട്ടികൾക്കും 14 വീതം കൗൺസിലർമാരെ ലഭിച്ചു. ഇതിൽ ഒന്നാം സ്ഥാനം നേടിയ പാർട്ടിക്ക് കാബിനറ്റ് ചെയർമാനെയും രണ്ടാം സ്ഥാനം നേടിയ പാർട്ടിക്ക് വൈസ് ചെയർമാനെയും ലഭിക്കും. ഇരുപാർട്ടികളും പരസ്പരധാരണയോടെയാണ് ഭരണം മുന്നോട്ടു കൊണ്ടുപോകുക. അടുത്ത ആഴ്ച രഞ്ജിത് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും.
മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മരട് തെക്കേടത്ത് വീട്ടിൽ പ്രഭാകരന്റെയും വീട്ടമ്മയായ സുലോചനയുടെയും നാലു മക്കളിൽ ഇളയതാണ് രഞ്ജിത്ത്.