കിഴക്കമ്പലം: ജില്ലയിലെ കിഴക്കൻ മലയോരമേഖലയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാക്കനാട് - തങ്കളം ബൈപ്പാസ് തുടങ്ങുന്ന കുന്നത്തുനാട് മണ്ഡലത്തിലെ മനക്കകടവിൽ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയയാരുന്നു മന്ത്രി. തുടർന്ന് കുന്നത്തുനാട്ടിലെ നിർമ്മാണം നിലച്ച മനക്കക്കടവ് -നെല്ലാട്, മണ്ണൂർ - പോഞ്ഞാശേരി റോഡുകളിലൂടെ യാത്രചെയ്ത് തത്‌സ്ഥിതി മനസിലാക്കി. യാത്ര അതീവ ദുഷ്കരമായ മനക്കകടവ് നെല്ലാട് റോഡിന്റെ പണികൾ അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കടമ്പ്രയാർ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തങ്കളം കാക്കനാട് നാലുവരിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും അടിയന്തരയോഗം ഈ മാസം തന്നെ ചേരും. ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ പരിഗണിച്ച് ഓൺലൈനായോ നേരിട്ടോ യോഗം സംഘടിപ്പിക്കും. തങ്കളം കാക്കനാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ അടക്കുള്ള തടസങ്ങൾ നീക്കി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമം. കൊച്ചി നഗരത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന പദ്ധതിയ്ക്ക് 1082 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. കിഫ്ബിയാണ് നടപ്പാക്കുന്നത്. 12 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. കുന്നത്തനാട്ടിലെ പ്രധാന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.