നെടുമ്പാശേരി: പറമ്പയം പാലത്തിനുകീഴിൽ അനധികൃതമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അധികാരികൾ എടുത്തുമാറ്റി. മാലിന്യം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും ഡി വൈ എഫ് ഐയുടെ പ്രതിഷേധത്തെ തുടർന്നുമാണ് നടപടി.
മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത നിരവധി ഫ്ലാറ്റ് സമുച്ചയങ്ങളാണ് പഞ്ചായത്തിൽ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ളത്. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വേറെയും. കൃത്യമായ മാലിന്യ സംസ്‌കരണ പദ്ധതി പ്രാവർത്തികമാക്കാൻ പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ടരവർഷം മാലിന്യം നിർമാർജനം ചെയ്യുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച മാനിയപദ്ധതി വിജയമായിരുന്നു. എന്നാൽ രണ്ടരവർഷത്തിന് ശേഷം മാറിയ പഞ്ചായത്ത് ഭരണസമിതി പദ്ധതി ഉപേക്ഷിച്ചു. നിലവിൽ മാനിയ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് പഞ്ചായത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇതിനായി ഹൈകോടതിയെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ ചെങ്ങമനാട് മേഖലാ കമ്മിറ്റി സെക്രട്ടറി വിഷ്ണു രാധാകൃഷ്ണൻ അറിയിച്ചു.