മൂവാറ്റുപുഴ: നഗരസഭയെ നോക്കുകുത്തിയാക്കി നടത്തുന്ന മണ്ണുമാഫിയകളുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം നഗരസഭ ചെയർമാനേയും സെക്രട്ടറിയേയും ഉപരോധിച്ചു. ഉപരോധം കൗൺസിലർ കെ .ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ആർ. രാകേഷ്, പി.വി. രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷ നിസ അഷ്റഫ്, ജാഫർ സാദിക്ക് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ പി.എം. സലിം, സുധ രഘുനാഥ്, നെജ്ല ഷാജി, സെബി കെ സണ്ണി, മീര കൃഷ്ണൻ, ഫൗസിയ അലി എന്നിവർ പങ്കെടുത്തു.
സെക്രട്ടറിക്കു പരാതി കൊടുക്കാൻ സെക്രട്ടറിയുടെ ചേംബറിൽ എത്തിയ പ്രതിപക്ഷ കൗൺസിലർമാർ സംസാരിക്കുന്നതിനിടെ യു ഡി എഫ് പ്രവർത്തകർ അതിക്രമിച്ചു കയറുകയും വനിതാ കൗൺസിലറോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തപ്പോൾ സെക്രട്ടറി മൗനം പാലിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷകൗൺസിലർമാർ കുറ്റപ്പെടുത്തി. വനിതാ കൗൺസിലർ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകി.
അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലൻസിന് പരാതി നൽകി.