ആലുവ: ആലുവ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡ് വികസനവുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എം.എൽ.എക്ക് പിന്നാലെ സി.പി.എം ആലുവ ലോക്കൽ കമ്മിറ്റിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. ഇന്നലെ ആലുവ പാലസിൽവച്ച് സി.പി.എം ജില്ലാ കമ്മിറ്റിഅംഗം വി. സലീമിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രയോഗികമായ നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ യാത്രക്കാർ വട്ടം കറങ്ങുകയാണ്. ആലുവ മാർക്കറ്റ് റോഡ്, പാതിവഴിയിൽ നിർത്തിയ സീപോർട്ട് - എയർപോർട്ട് റോഡിന്റെ നിർമ്മാണം, കിഫ്ബിയിൽ ഉൾപെടുത്തിയ ആലുവ - മൂന്നാർ റോഡ്, തോട്ടക്കാട്ടുകാര - കടുങ്ങല്ലൂർ റോഡ് എന്നിവയുടെ വികസനവും നിർമ്മാണവുമാണ് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സി.പി.എം ഏരിയാ കമ്മിറ്റിഅംഗങ്ങളായ പി.എം. സഹീർ, രാജീവ് സക്കറിയ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പോൾ വർഗീസ്, ശ്യാം പത്മനാഭൻ, ജോമോൻരാജ്, നികേഷ് ഗോപാലൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.