mvpz
മൂവാറ്റുപുഴയുടെ പൊതു ഗതാഗത വികസനം ലക്ഷ്യമിട്ട് ആലുവ പാലസിൽ കൂടിയ യോഗത്തിൽ മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു. മാത്യു കുഴൽനാടൻ എം.എൽ..എ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്നപദ്ധതിയായ ടൗൺ വികസനവും മുറിക്കല്ല് പാലവും അടിയന്തരമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അറിയിച്ചു. മൂവാറ്റുപുഴയുടെ പൊതുഗതാഗത വികസനം ലക്ഷ്യമിട്ട് ആലുവ പാലസിൽ വിളിച്ചുചേർത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് ഉറപ്പുനൽകി.

മൂവാറ്റുപുഴയുടെ പൊതുവികസനം സംബന്ധിച്ച് ജനപ്രതിനിധികളുമായി മാത്യു കുഴൽനാടൻ നേരത്തെ ചർച്ച നടത്തിയിരുന്നു. ഈ നിർദേശങ്ങൾ പരിഗണിച്ച് മുൻഗണനാക്രമത്തിൽ ടൗൺ വികസനവും മുറിക്കല്ല് പാലവും പൂർത്തിയാക്കാനായിരുന്നു ധാരണ. തുടർന്ന് എം.എൽ.എ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രത്യേക യോഗം വിളിച്ചത്. ഓരോ പ്രോജക്ടിന്റെയും എത്ര ശതമാനം വർക്കുകൾ തീർന്നു, എത്ര ഫണ്ട് വകയിരുത്തി തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉന്നത ഉദ്ധോഗസ്ഥരായ മിനി മാത്യു, ജസിമോൾ, വീബിജ കെ.എം., നൗഫൽ എ.എം, മൈഥിലി ഐ.എസ്, റജീന, സൂസൻ സോളമൻ തോമസ് , സുമ കെ.എസ്, മുസ്തഫ കമാൽ എന്നിവർ പങ്കെടുത്തു.