bridge
കാലടി ശ്രീശങ്കരാ പാലം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു.

കാലടി: കാലടിയിൽ സമാന്തരപാലം നിർമ്മാണത്തെക്കുറിച്ച് ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കാലടിയിൽ പറഞ്ഞു. കാലടിപാലം സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കാലടി പട്ടണം ഭൂമിശാസ്ത്രപരമായി അങ്കമാലി, പെരുമ്പാവൂർ, ആലുവ മണ്ഡലങ്ങളുടെ നടുവിൽ കിടക്കുന്നു. മൂന്ന് നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എ മാർ, രാഷ്ടീയകക്ഷികൾ, മതമേലദ്ധ്യക്ഷന്മാർ അടങ്ങുന്ന ഉന്നതതലയോഗം വിളിച്ചുചേർത്ത് അതിലെ തീരുമാനങ്ങൾ അനുസരിച്ചായിരിക്കും പാലം നിർമ്മാണം നടത്തുക. കാലങ്ങളായി കാലടിയിലെ ഗതാഗതക്കുരുക്കുമൂലം എയർപോർട്ട് യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുന്നുണ്ട്. നിലവിലുള്ള ശ്രീശങ്കര പാലത്തിന് 57 വർഷം പഴക്കമുണ്ട്. പലതവണ ടാർ ഇളകിപ്പോയങ്കിലും പാലത്തിന് നിലവിൽ ബലക്ഷയമില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അഡ്വ. കെ തുളസി, അഡ്വ. കെ.ബി. സാബു, സി.പി.എം കാലടി ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ, ടി.ഐ. ശശി, എം.ടി. വർഗീസ്, കെ.പി. ബിനോയ്, പി. അശോകൻ, മാത്യുസ് കോലഞ്ചേരി, എം.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.