പെരുമ്പാവൂർ: വൈദ്യുതി വിതരണരംഗം സ്വകാര്യ കുത്തകകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര നീക്കത്തിന് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട് കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) രംഗത്ത്. സംസ്ഥാന വൈദ്യുതി ബോർഡിന് 4200 കോടി രൂപ നഷ്ടമുണ്ടാക്കിയത് കാലവർഷക്കെടുതി, രണ്ട് പ്രളയങ്ങൾ, ഓഖി ചുഴലിക്കാറ്റ്, കൊവിഡ് മഹാമാരി എന്നിവ മൂലമാണ്.
ഈ ബാദ്ധ്യത പൊതുസമൂഹത്തിനായി കെ. എസ്. ഇ.ബി ഏറ്റെടുത്തിട്ടും 4200 കോടി രൂപയുടെ നഷ്ടം മാത്രമേ കടമെടുപ്പിന് തടസമായി വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ ഇത്തരം നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി ബോർഡിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെടാൻ കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന കൗൺസിൽ യോഗം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ ജനറൽ സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകരയെ ചുമതലപ്പെടുത്തി.