padmansir
പി.കെ. പത്മൻ സാറിനെ വസതിയിൽ സന്ദർശിച്ച കെ.ബാബു എം.എൽ.എ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൻപുറത്തെ സാധാരണക്കാരായ കുട്ടികൾക്ക് സൗജന്യമായി ഫുട്ബാൾ പരിശീലനം നൽകുന്ന കായികാദ്ധ്യാപകൻ പി.കെ. പത്മനെ കെ. ബാബു എം.എൽ.എ വസതിയിലെത്തി അനുമോദിച്ചു. വിരമിച്ചശേഷം എഫ്.സി പൂത്തോട്ട എന്നപേരിൽ ഫുട്ബാൾ ക്ലബ്ബ് രൂപീകരിച്ച് പുതുതലമുറയെ പരിശീലിപ്പിക്കുന്ന പത്മനെക്കുറിച്ച് കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച ഫീച്ചർ വായിച്ചറിഞ്ഞാണ് എം.എൽ.എ എത്തിയത്. 15 വയസിൽ താഴെ പ്രായമുള്ള 56 കുട്ടികളെയാണ് പത്മൻസാർ സ്വന്തം ചെലവിൽ ഭക്ഷണമുൾപ്പെടെ നൽകി പരിശീലിപ്പിക്കുന്നത്.

2019 ൽ തുടങ്ങിയ എഫ്.സി. പൂത്തോട്ടയിൽ പരിശീലിച്ച അരഡസൻ കുട്ടികൾക്ക് ജി. വി. രാജ സ്‌പോർട്‌സ് അക്കാഡമി പോലുള്ള പ്രമുഖ ട്രെയിനിംഗ് സെന്ററുകളിലേക്ക് പ്രവേശനം നേടാൻ സാധിച്ചത് നാടിന് അഭിമാനമാണെണെന്ന് എം.എൽ.എ. പറഞ്ഞു. കോൺഗ്രസ് (ഐ ) ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ജൂബൻ ജോൺ, അനിൽകുമാർ, കമൽഗിപ്ര, ശ്രീനിവാസൻ, ശശികുമാർ, എ.സി. സുരേഷ്, സണ്ണി ആലുങ്കൽ, മിറാജ് ഗോപിദാസ് തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.