നെടുമ്പാശേരി: പതിറ്റാണ്ടുകളായി നടപ്പാതകളും കുളിക്കടവും കാടുമൂടി നീർനായകൾ വിഹരിച്ച ചെങ്ങമനാട് പഞ്ചായത്ത് 13-ാം വാർഡിലെ ദേശം പഞ്ചായത്ത് കടവിന് (ഇടവഴിക്കടവ്) പുനർജനി. വാർഡ് മെമ്പർ നൗഷാദ് പാറപ്പുറത്തിൻെറ നേതൃത്വത്തിൽ യുവകൂട്ടായ്മ ശ്രമദാനം നടത്തിയാണ് വീണ്ടെടുത്തത്.
ആദ്യകാലങ്ങളിൽ കാലടി, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം, ചൊവ്വര തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ആലുവ ശിവരാത്രിമണപ്പുറത്ത് ബലിതർപ്പണത്തിനത്തെുവർ പെരിയാറിൻെറ കൈവഴിയായ ഇടവഴിക്കടവിലത്തെി വഞ്ചിയിലായിരുന്നു ശിവക്ഷേത്രത്തിലത്തെിയിരുന്നത്. 500 മീറ്ററോളം പെരിയാർ കുറുകെ കടന്നാൽ മണപ്പുറത്തെ ക്ഷേത്രത്തിലെത്താമായിരുന്നു. പുഴയും തീരങ്ങളും കാലങ്ങളായി സംരക്ഷിക്കാതെ വരികയും മണലൂറ്റും മാലിന്യം തള്ളലും രൂക്ഷമാവുകയും ചെയ്തതോടെയാണ് കുളിക്കടവ് കാടുമൂടി കാട്ടുചെടികൾ മരങ്ങളായി വളർന്ന് ഉപയോഗശൂന്യമായി മാറിയത്.
വർഷങ്ങളായ മുറവിളിക്ക് പരിഹാരം
സ്ത്രീകളടക്കമുള്ള നാട്ടുകാരും റെസിഡൻറ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും മറ്റും കുളിക്കടവ് വീണ്ടെടുക്കുന്നതിന് കാലങ്ങളായി മുറവിളി ഉയർത്തിയെങ്കിലും പരിഹാരമുണ്ടായില്ല. അതിനിടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിക്കാൻ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനായ നൗഷാദ് പാറപ്പുറം സന്നദ്ധമായത്. ഇരുപതോളം യുവാക്കളോടൊപ്പം പുലർച്ചെ മുതൽ സന്ധ്യവരെ പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് സാഹസിക ശ്രമദാനത്തിനിറങ്ങുകയായിരുന്നു. സമീപവാസികളായ സ്ത്രീകളടക്കമുള്ളവരുടെ സഹകരണവുമുണ്ടായിരുന്നു. മണൽവാരി രൂപംകൊണ്ട പെരിയാറിലെ ആഴക്കയങ്ങളിൽ വാഴത്തടകൾ നിരത്തി അതിലിരുന്നാണ് മണിക്കൂറുകൾ ചെലവഴിച്ച് യുവാക്കൾ കാട് വെട്ടിത്തെളിച്ച് കുളിക്കടവും നടപ്പാതകളും വീണ്ടെടുത്തത്. പത്ത
ടിയോളം ഉയർന്ന കാടുമൂടിയ പ്രദേശം മനോഹരമായ കുളിക്കടവും അതിലേക്കുള്ള നടപ്പാതകളുമായി പരിണമിച്ചപ്പോൾ നാട്ടുകാർ ആഹ്‌ളാദത്തിമിർപ്പിലായി.
അൻവർസാദത്ത് എം.എൽ.എ ശ്രമദാനം ഉദ്ഘാടനം ചെയ്തു. നൗഷാദ് പാറപ്പുറം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശേരി, അമ്പിളി അശോകൻ, പി.ബി. സുനീർ, പി.എം.എ. ഷരീഫ് ഹാജി, സെബാസ്റ്റ്യൻ കരുമത്തി, ധനേഷ് ദേശം, വിജയൻ, നിഷാദ്, കിഷോർ, സനൽ, രാജ്കുമാർ പെറ്റോണിയ തുടങ്ങിയവർ സംസാരിച്ചു.