തൃക്കാക്കര: തൃക്കാക്കര നഗരസഭ ഓൺലൈൻ കൗൺസിൽയോഗം ബലഹളത്തിൽ മുങ്ങി. മനക്കക്കടവ് കുടിവെള്ള പദ്ധതിയുടെ ഈ ടെൻഡർ നടപടി റദ്ദാക്കാൻ തീരുമാനിച്ചതടക്കം യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ ഉയർത്തിയതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നത്. മുൻ എൽ.ഡി.എഫ് ഭരണ സമിതിയാണ് മനക്കക്കടവ് കുടിവെള്ള പദ്ധതി ആവിഷകരിച്ചത്. തൃക്കാക്കരയുടെ കിഴക്കൻ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം.കടമ്പ്രയാറിൽ നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് ഒരുകോടി എൺപതുലക്ഷം രൂപയാണ് നീക്കിവച്ചത്.
അതേസമയം കാലാവധി പൂർത്തിയാക്കിയ വസ്തു നികുതി പിരിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 15 പേരെ ഒഴിവാക്കാൻ തീരുമാനിച്ചു.പുതിയ ആളുകളെ നിയമിക്കാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായി.ഇടതു കൗൺസിലർമാരുടെ വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി അട്ടിമറിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു. കൊവിഡിന്റെ സാഹചര്യത്തിൽ ജീവനക്കാരെ പുറത്താക്കാൻ തീരുമാനിക്കുന്നത് പുനഃപരിശോധിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.ജെ ഡിക്സണും സ്വതന്ത്ര കൗൺസിലർ പി.സി മനൂപും ആവശ്യപ്പെട്ടു.
ഓൺലൈൻ പഠനത്തിന്
പത്ത് ടാബ് വീതം
കൊവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ പത്ത് ടാബ് വീതം നൽകാൻ തീരുമാനിച്ചു.
മനക്കക്കടവ് കുടിവെളള പദ്ധതി നടത്തിപ്പ് ലഭിച്ച കമ്പനി സാദ്ധ്യതാ പഠനം പോലും നടത്തിയിട്ടില്ല.കളമശേരിയിലെ സ്വകാര്യ കമ്പനിക്കായിരുന്നു ടെൻഡർ ലഭിച്ചിരുന്നത്. പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിയയും സമർപ്പിക്കാതായതോടെയാണ് ഈ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.
അജിത തങ്കപ്പൻ
ചെയർപേഴ്സൻ
തൃക്കാക്കര നഗരസഭ