covid

കൊച്ചി: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശിശുരോഗ വിഭാഗത്തിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. രോഗനിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിൽ കൊവിഡ് പരിശോധന ശക്തമാക്കും.അവശ്യസേവന വിഭാഗത്തിലുള്ളവർ, കമ്പനി തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ നടത്താനും തീരുമാനിച്ചു.കൊവിഡ് നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി ചൊവ്വാഴ്ച ഓൺലൈൻ യോഗം ചേരും.നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ ഇടറോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ നിർദ്ദേശിച്ചു.കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.