കോലഞ്ചേരി: നവജാത ശിശുവിനെ പാറമടയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവ് തിരുവാണിയൂർ പഴുക്കാമറ്റത്ത് ശാലിനിയെ (38 ) സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഈ മാസം ആദ്യം ആറ്റിനിക്കരക്കു സമീപം വെള്ളം നിറഞ്ഞു കിടന്ന പാറമടയിലാണ് കുഞ്ഞിനെ സ്കൂൾ യൂണിഫോം ഷർട്ടിൽ പൊതിഞ്ഞ് കല്ലും കെട്ടി എറിഞ്ഞത്. വീടിനു പുറത്ത് പാറക്കൂട്ടത്തിനു മുകളിൽ രാത്രി 11 ന് ആണ് ശാലിനി ആൺകുഞ്ഞിനു ജന്മം നൽകിയത്. പുലർച്ചെ മുന്നോടെ കുഞ്ഞിനെ പാറമടയിൽ തള്ളുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ ശാലിനിയെ നാട്ടുകാർ അറിയിച്ചതതിനെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നു ഉച്ചക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ പ്രസവം വ്യക്തമായതിനെ തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കുട്ടി ജനന സമയത്തു തന്നെ മരിച്ചതിനാലാണ് പാറമടയിൽ ഉപേക്ഷിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. ജനിച്ചപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. നാല് മക്കളുടെ മാതാവായ യുവതി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പു നടത്തിയത്.