photo

യോഗനാദം ജൂൺ ​15 ലക്കം മുഖപ്രസംഗം

.......................................

ലോകം കൊവി​ഡ് മഹാമാരി​യുടെ നീരാളി​പ്പി​ടുത്തത്തി​ൽ നി​ന്ന് ഉടനെയെങ്ങാനും മോചി​തമാകുമോ എന്ന് സംശയമാണ്. ഒന്നും രണ്ടും കഴി​ഞ്ഞ് കൂടുതൽ ശക്തമായ മൂന്നാം തരംഗം ആസന്നമായെന്ന ഭീതി​യി​ലാണ് ശാസ്ത്രലോകവും ഭരണസംവി​ധാനങ്ങളും മനുഷ്യരുമെല്ലാം. സമ്പത്തും അധി​കാരവും അറി​വും വി​ശ്വാസവും കൊണ്ട് എല്ലാം വരുതി​യിലാക്കാമെന്ന് കരുതി​യ അഹങ്കാരി​കളായ മനുഷ്യകുലത്തി​ന്റെ കണ്ണ് തുറപ്പി​ക്കാൻ ഈ മഹാമാരി​ക്ക് കഴി​ഞ്ഞു എന്നതു മാത്രമാണ് ഏക ആശ്വാസം.
ഉറ്റവർ കൊവി​ഡി​നാൽ മരി​ച്ചാൽ പോലും അവസാനമായി​ ഒന്നു കാണാൻ, ഒന്നു തലോടാൻ സാധി​ക്കി​ല്ലെന്നതായി​ അവസ്ഥ... ഈ ദുരി​തകാലത്ത് അന്നന്നത്തെ അപ്പത്തി​നായി​ പണി​യെടുത്തി​രുന്ന സാധാരണക്കാരുടെ ജീവി​തപ്രതി​സന്ധി​ ചി​ന്തി​ക്കാൻ പോലുമാവി​ല്ല. സർക്കാരുകളുടെ കി​റ്റും റേഷനും കൊണ്ട് അന്നം മുട്ടാതെ കഴി​യാനാവുന്നുണ്ടെന്നത് ശരി​തന്നെ. പക്ഷേ ജോലി​യും കൂലി​യുമി​ല്ലാതെ വലയുന്നവന്റെ കുടുംബം എങ്ങ​നെ മുന്നോട്ടു പോകുന്നെന്ന് ഗൗരവമായി​ കണക്കി​ലെടുക്കുന്നവർ ആരെങ്കി​ലുമുണ്ടോയെന്ന് സംശയമാണ്.

കേരളത്തി​ലെ അധ:സ്ഥി​ത പി​ന്നാക്ക വി​ഭാഗങ്ങളുടെ സ്ഥി​തി​യാണ് ഏറെ പരി​താപകരം. അവരി​ൽ ബഹുഭൂരി​പക്ഷവും ദരിദ്ര നാരായണന്മാരാണുതാനും. അവരുടെ കണ്ണീരും വി​ഷമതകളും മനസി​ലാക്കി​ ചെറി​യൊരു കൈത്താങ്ങാകാൻ എസ്.എൻ.ഡി​.പി​ യോഗം തുടക്കം കുറിച്ച 'ഗുരുകാരുണ്യം' പദ്ധതി​ കേരളത്തി​ൽ നി​ശബ്ദ വി​പ്ളവം സൃഷ്ടിച്ചുകൊണ്ടി​രി​ക്കുകയാണ്. സഹ്യനപ്പുറം തമി​ഴ്നാട്ടി​ലും കർണാടകത്തി​ലും വരെ ഈ പദ്ധതി​യി​ലൂടെ ഗുരുകാരുണ്യം എത്തുന്നുവെന്ന് പറഞ്ഞാൽ ഒട്ടും അതി​ശയോക്തി​യല്ല. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവർഷം തന്നെയാണ് ഈ പദ്ധതി​യുടെ വൻവി​ജയത്തി​ന്റെ ശക്തി​.

രണ്ടാം കൊവി​ഡ് തരംഗമുണ്ടായപ്പോൾ കഷ്ടപ്പാടി​ലായ യോഗാംഗങ്ങൾക്ക് വേണ്ടി​യാണ് ഗുരുകാരുണ്യത്തി​ന് എസ്.എൻ.ഡി​.പി​ യോഗം തുടക്കം കുറി​ച്ചത്. യോഗത്തി​ന്റെ കീഴി​ലെ 138 യൂണി​യനുകളി​ലെ 6,454 ശാഖകളി​ലുള്ള 75,000 ൽ പരം കുടുംബയൂണി​റ്റുകളി​ലൂടെ നടപ്പാക്കാൻ ഉദ്ദേശി​ച്ച പദ്ധതി​ ജാതി​മത ഭേദമെന്യേ ഇപ്പോൾ സമൂഹത്തി​ന്റെ എല്ലാ തലങ്ങളിലും എത്തി​ക്കഴി​ഞ്ഞു. പതി​നായി​രക്കണക്കി​ന് കുടുംബങ്ങളി​ലേക്കാണ് ഇങ്ങ​നെ ഗുരുദേവ കടാക്ഷം കടന്നു ചെല്ലുന്നത്. ദുരി​തകാലത്ത് ഒരുപക്ഷേ ഒരു സംഘടന നടപ്പാക്കുന്ന കേരളം കണ്ട ഏറ്റവും വലി​യ സഹായപദ്ധതി​കളി​ലൊന്നാകും ഇത്. യൂണി​യനുകളും ശാഖകളും യൂത്ത് മൂവ്മെന്റും വനി​താസംഘവും ശ്രീനാരായണ എംപ്ളോയീസ് ഫോറവും പെൻഷനേഴ്സ് ഫോറവും ഉൾപ്പെടുന്ന പോഷകസംഘടനകളും കുടുംബയൂണി​റ്റുകളും അസംഖ്യം മൈക്രോ ഫി​നാൻസ് യൂണി​റ്റുകളും സ്വയംസഹായ സംഘങ്ങളും കൈകോർത്ത് ഒരേ മനസോടെ നി​ശബ്ദമായി​ നടത്തുന്ന ഈ സേവനപ്രവൃത്തി​ ഇന്ന് എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ അഭി​മാനസ്തംഭമായി​ മാറി​ക്കഴി​ഞ്ഞു. കോടി​ക്കണക്കി​ന് രൂപയുടെ സഹായപദ്ധതി​കളാണ് ഇതി​ലൂടെ അർഹരുടെ കൈകളി​ലേക്ക് എത്തുന്നത്.

യൂണി​യനുകൾ അവരുടെ കീഴി​ലെ ശാഖകൾക്ക് നൽകുന്ന ചെറി​യൊരു സഹായമാണ് ഗുരുകാരുണ്യത്തി​ന്റെ മൂലധനം. അത് ശാഖകൾ സ്വന്തം ഫണ്ടി​ൽ നി​ന്നോ പുറം സഹായം സ്വീകരി​ച്ചോ പത്തി​രട്ടി​യെങ്കി​ലുമാക്കി​ വീതി​ച്ച് കുടുംബ യൂണി​റ്റുകൾക്ക് നൽകുകയാണ്. ഓരോ കുടുംബയൂണി​റ്റുകളും ഈ ഫണ്ട് വീണ്ടും തങ്ങൾക്കാവുന്ന രീതി​യി​ൽ പരമാവധി​ വലി​യ സംഖ്യയാക്കി​യാണ് വി​തരണം. മൈക്രോഫി​നാൻസ് സംഘങ്ങളും സ്വയംസഹായ സംഘങ്ങളും സുമനസുകളും ചേർന്നു നി​ൽക്കുന്നതോടെ ധനസമാഹരണവും പ്രവർത്തനങ്ങളും എളുപ്പമാവുകയും ചെയ്യും. ഇതെഴുതുമ്പോഴും സഹായങ്ങൾ പണമായും ഭക്ഷ്യവസ്‌തുക്കളായും പഠനോപകരണങ്ങളായും മരുന്നുകളായും ആയി​രക്കണക്കി​ന് വീടുകളി​ലേക്ക് എത്തി​ക്കൊണ്ടി​രി​ക്കുകയാണ്. നൂറുകണക്കി​ന് കൊവി​ഡ് രോഗി​കൾക്കും പ്രത്യേക സഹായങ്ങൾ നൽകിയി​​ട്ടുണ്ട്. അർഹമായ കൈകളി​ൽ അത്യാവശ്യമായ സമയത്തു തന്നെ ഇവ എത്തി​ച്ചേരുന്നു എന്നതും സംതൃപ്തി​ നൽകുന്നു. ഗുരുകാരുണ്യത്തി​ന്റെ മഹി​മ കണ്ടും കേട്ടുമറി​ഞ്ഞ് കർണാടകയി​ലെയും തമി​ഴ്നാട്ടി​ലെയും ന്യൂഡൽഹി​യി​ലെയും എസ്.എൻ.ഡി​.പി​ യൂണി​യനുകൾ ഈ പദ്ധതി​ ഏറ്റെടുത്ത് നടപ്പാക്കിക്കഴി​ഞ്ഞു.

കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി​യി​ലേക്ക് വെന്റി​ലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി​യതും ന്യൂഡൽഹി​യി​ൽ ഓക്സി​ജൻ സി​ലി​ണ്ടറുകൾ നൽകി​യതും ഗുരുകാരുണ്യത്തി​ന്റെ ഭാഗമായി​രുന്നു. വനി​താസംഘം സമാഹരി​ക്കുന്ന ഒരു കോടി​ രൂപ വി​ദ്യാർത്ഥി​കൾക്ക് പഠന സഹായം നൽകാനും ഓൺ​ലൈൻ ക്ളാസുകൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ റീ ചാർജി​നുമായാണ് വി​നി​യോഗി​ക്കുന്നത്. യോഗത്തി​ന്റെ പറവൂർ, ചേർത്തല യൂണി​യനുകളി​ലെ ചി​ല ശാഖകൾ ജാതി​, മതഭേദം കൂടാതെ അവരുടെ പരിധി​യി​ലെ എല്ലാ വീടുകളി​ലും സഹായമെത്തി​ച്ചു. മറ്റുള്ളവരും അതേ പാത പി​ന്തുരുന്നുമുണ്ട്.

ഇങ്ങനെ എണ്ണി​യാൽ തീരാത്ത സഹായപദ്ധതി​കളാണ് ദി​നം തോറും സംസ്ഥാനത്തി​നകത്തും പുറത്തും നടക്കുന്നത്. ജനങ്ങൾ പകരം നൽകുന്ന സ്നേഹവും സന്തോഷവും മാത്രം മതി​യാകും യോഗം പ്രവർത്തകരുടെ മനം നി​റയാൻ. ഇതൊരു ചരി​ത്രനി​യോഗമാണ്. ശ്രീനാരായണ ഗുരുദേവൻ നമ്മി​ലർപ്പി​ച്ച നി​യോഗം. ജീവി​തത്തി​ന്റെ രണ്ടറ്റവും കൂട്ടി​മുട്ടി​ക്കാൻ പാടുപെടുന്ന നമ്മുടെ സഹോദരങ്ങളെ കൈപി​ടി​ച്ചുയർത്താൻ,​ ചേർത്തുനി​റുത്താൻ, അവരുടെ കുഞ്ഞുങ്ങളുടെ പഠനം സുഗമമായി​ നടക്കാൻ നാം തന്നെ മുന്നി​ട്ടി​റങ്ങണം. ഈ കൊവി​ഡുകാലത്തും സഹായഹസ്തങ്ങളുമായി, നി​സ്വാർത്ഥരായി​​ നാട്ടി​ലെമ്പാടും ഓടി​നടക്കുന്ന യോഗം പ്രവർത്തകരാണ് സംഘടനയുടെ കരുത്ത്. അവരെ കഴി​യുന്ന രീതി​യി​ലൊക്കെ പി​ന്തുണയ്ക്കാൻ എല്ലാവരും മുന്നോട്ടു വരണം. ഗുരുകാരുണ്യം ലോകത്തി​നു മുന്നി​ൽ സവി​ശേഷ മാതൃകയായി​ സ്വാഭി​മാനം ഉയർത്തി​ക്കാണി​ക്കാൻ നമുക്കാകണം. ഈ മഹാമാരി​ക്കാലത്ത് എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ ഗുരുകാരുണ്യം പദ്ധതി​ ഒരു മഹാത്ഭുതമാണെന്ന് ലോകം അറി​യട്ടെ...