kmz

മൂവാറ്റുപുഴ: കൊവിഡിനോട് മനുഷ്യർ പൊരുതുന്നതുപോലെ മഴു വീഴ്ത്തിയ ശിഖരങ്ങൾ അറുത്ത് മാറ്റിയിട്ടും നാമാവശേഷമാകാതെ ഒരു പുനർജന്മത്തിന്റെ ഉദാത്ത മാതൃകയായി തലയുയർത്തി നിൽക്കുകയാണ് മൂവാറ്റുപുഴയാറിന്റെ തീരത്തെ കാവുംപടി നടപ്പാതയ്ക്കു സമീപം വെൺകുമിഴ് എന്ന അതിജീവന മരം. ഏകദേശം എഴുപത് - എൺപത് വർഷത്തോളം പഴക്കമുണ്ട് ഈ മരത്തിന്.

പശ്ചിമഘട്ടമുൾപ്പെടുന്ന കേരളത്തിലെ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന വെൺ കുമിഴ് മരത്തിന്റെ ശ്രേഷ്ഠതയും ഗുണവും ഏറെ മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഇവിടെനിന്ന് കടത്തികൊണ്ടുപോയതിന്റെ പട്ടികയിൽ തേക്കുമരത്തോളം ഈ കുമിഴ് മരങ്ങളും ധാരാളം ഉൾപ്പെട്ടിരുന്നു. നിബിഡവനങ്ങളിൽ മാത്രം കണ്ടുവരുന്ന തേക്കുമരത്തേക്കാളും ഉറപ്പും കടുപ്പവുമുള്ള ഈ വടവൃക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാകാത്ത പ്രാദേശിക ഭരണകൂടത്തിന്റെ അജ്ഞത മുതലെടുത്ത ഒരു കൂട്ടർ ഒരിക്കൽ ഇത് മുറിച്ചുവീഴ്ത്താൻ തുനിഞ്ഞു. ഏതാനും ശിഖരങ്ങൾ അറുത്ത് മാറ്റുമ്പോഴാണ് ഈ പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരുടെ സംഘടനയായ "ഗ്രീൻ പീപ്പിൾ" ശക്തമായി ഇടപ്പെട്ടത്. നിയമപരമായ സംരക്ഷണമനുവദിക്കുന്നതുവരെ പോരാട്ടം തുടർന്ന ഗ്രീൻ പീപ്പിൾ പ്രവർത്തകർ ഒരുക്കിയ ആ സംരക്ഷണ കവചത്താൽ അതിജീവന പോരാട്ടങ്ങൾക്ക് മാതൃകയായി മൂവാറ്റുപുഴയിലിന്നും അവശേഷിക്കുകയാണ് ഈ ഏക കുമിഴ് മരം.