കിഴക്കമ്പലം: ജില്ലയിലെ കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളെ ഹരിതാഭമാക്കിയിരുന്ന കടമ്പ്രയാറിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടിമറ്റം റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് കടമ്പ്രയാറിന്റെ പുനരുജ്ജീവനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുന്ന കാര്യം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളെ ദ്രുതഗതിയിൽ സജീവമാക്കാനുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിൽ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ജില്ലയിലേക്ക് കടന്നു വരുന്നതിനുള്ള ഇടപെടലുകൾ നടത്തും. ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കണക്ടിവിറ്റി ഉറപ്പാക്കിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് വിവിധ കൈവഴികളിലൂടെയാണ് കടമ്പ്രയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഈ കൈവഴികളിൽ നീരൊഴുക്കു നിലച്ചതോടെയാണ് കൃഷിയും മറ്റും താറുമാറായത്. കടമ്പ്രയാറിന് 14 കൈവഴികളാണ് നിലവിലുള്ളത്. ഇതിലധികവും പായലും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇവയെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് ജലഗതാഗതത്തിന് ഉപയോഗിച്ച ആഴവും വീതിയുമുള്ള തോടുകളായിരുന്നു. എന്നാൽ ഇരുവശങ്ങളിൽ നിന്നുള്ള കൈയേറ്റം കൂടിയതോടെ തോടുകളുടെ വിസ്തീർണം പകുതിയായി. തോടുകളോട് ചേർന്നുള്ള ഏക്കർ കണക്കിന് പാടശേഖരത്തിൽ കൃഷി ഇറക്കാതായതോടെ തോടുകളിൽ പുല്ലും പായലും ചെളിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. നേരത്തെ കർഷകർ തന്നെ മൂന്ന് പൂവ് കൃഷി ഇറക്കുമ്പോൾ കൈവഴികളും വൃത്തിയാക്കിയിരുന്നു. കൃഷി നിലച്ചതോടെ കൈവഴികളും ചെറുതോടുകളും നാമാവശേഷമായി. ഇവ നന്നാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോടുകളുടെ ഇരുവശങ്ങളും കരിങ്കല്ല് കെട്ടി തിരിച്ച് പല ഭാഗങ്ങളിലായി തടയണ നിർമ്മിച്ചാൽ ഒരു പരിധി വരെ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ പഠിച്ച് കടമ്പ്രയാറിന്റെ വികസനത്തിന് സമഗ്ര പദ്ധതികൾ തയ്യാറാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
കടമ്പ്രയാറിന്റെ കൈവഴികളിൽ കാടും പുല്ലും കുളവാഴയും പാഴ്‌ച്ചെച്ചെടികളും വളർന്ന് നീരൊഴുക്ക് നിലച്ചിട്ട് നാളേറെയായി. ഇതേത്തുടർന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് കടമ്പ്രയാർ ടൂറിസം വികസനം കൊണ്ട് ലക്ഷ്യമിടുന്നത്.
അഡ്വ.പി.വി. ശ്രീനിജിൻ, എം.എൽ.എ