കൊച്ചി: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സാങ്കേതികമേഖലയിലെ വിദ്യാർത്ഥികൾക്ക് പരമാവധി ഫീസിളവ് നൽകണമെന്ന് മുസ്ളീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാങ്കതികവിദ്യാപഠനം ഓൺലൈനിൽ പ്രയാസമാണ്. എന്നിട്ടും വിദ്യാർത്ഥികൾക്ക് അർഹമായ ഫീസിളവ് നൽകാൻ കേരള സാങ്കേതിക സർവകലാശാലയും കൊച്ചി സർവകലാശാലയും തയ്യാറാകുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദും ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ടും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനവും നൽകി.