കൊച്ചി: കുന്നത്തുനാടിന്റെ ജീവനാഡിയായ കടമ്പ്രയാറിനേയും ചിത്രപ്പുഴയേയും മലിനീകരിക്കുന്നതിൽ പ്രധാനപങ്ക് ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിനാണെന്ന് മലിനീകരണനിയന്ത്രണ ബോർഡ് (പി.സി.ബി). പുഴയിൽ ഓക്‌സിജന്റെ അളവ് കുറവാണ്. കോളിഫോം ബാക്‌ടീരിയയുടെ അളവ് അനുവദനീയമായതിന്റെ ഇരുനൂറ് ഇരട്ടിയുണ്ട്. സംസ്ഥാനത്തെ 21 പുഴകളിലാണ് ബോർഡ് മാലിന്യം.കണ്ടെത്തിയത്.

കടമ്പ്രയാർ, ചിത്രപ്പുഴ ,ഏലൂർ - ആലുവ പ്രദേശത്തുകൂടി ഒഴുകുന്ന പെരിയാർ എന്നിവയാണ് ജില്ലയിലെ മാലിന്യവാഹിനികൾ. ബ്രഹ്മപുരം പ്ളാന്റിന്റെ സമീപത്തു വച്ചാണ് കടമ്പ്രയാർ ചിത്രപ്പുഴയുമായി ചേരുന്നത്.

 സെപ്റ്റേജ് പ്ളാന്റ്

പ്രവർത്തനരഹിതം

പ്ളാന്റ് പരിസരത്ത് കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നൂറിവരുന്ന വെള്ളം (ലീച്ചറ്റ്) കടമ്പ്രയാറിലേക്കും പ്ളാന്റ് വളപ്പിലെ സെപ്റ്റേജ് പ്ളാന്റിൽനിന്നുള്ള മാലിന്യം തൊട്ടടുത്ത ചതുപ്പുപ്രദേശംവഴി ചിത്രപ്പുഴയിലേക്കും എത്തുന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പ്ളാന്റിൽ മാലിന്യസംസ്കരണ പ്രവർത്തനം നടക്കുന്നില്ല. സെപ്റ്റേജ് പ്ളാന്റ് പ്രവർത്തനരഹിതമാണെന്നും പി.സി.ബി റിപ്പോർട്ടിൽ പറയുന്നു.

 ശുദ്ധജലസ്രോതസ്

വർഷകാലത്തും വേനൽക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന 27 കിലോമീറ്റർ ദൈർഘ്യമുള്ള പതിനാലോളം കൈവഴികളുള്ള ശുദ്ധജലസ്രോതസാണ് കടമ്പ്രയാർ. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളും തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മുനിസിപ്പാലിറ്റികളും നിരവധി വ്യവസായ ശാലകളും ഇൻഫോപാർക്കും സ്മാർട്ട്സിറ്റിയും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്.

നാടൻമത്സ്യങ്ങളുടെ കലവറയാണ് കടമ്പ്രയാർ. എന്നാൽ ഇപ്പോൾ മലിനീകരണംമൂലം വെള്ളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളാൻ കടമ്പ്രയാറിന്റെ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. നിരവധി വ്യവസായശാലകൾ വ്യാപകമായി രാസമാലിന്യങ്ങളും പലരും കക്കൂസ് മാലിന്യങ്ങളും ഒഴുക്കുന്നുണ്ട്.

 23ന് പരിഗണിക്കും.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) ഉത്തരവിനെത്തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാറിന്റെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എൻ.ജി.ടി 23ന് ബ്രഹ്മപുരം പ്ളാന്റ് മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കും.

 ആരോപണങ്ങൾ നിഷേധിച്ച്

കോർപ്പറേഷൻ

നിലവിലുള്ള പ്ളാന്റിന് കേടുപാടുകൾ ഉണ്ടെങ്കിലും മാലിന്യസംസ്കരണ പ്രവർത്തനം സുഗമമായി നടക്കുന്നു. എന്നാൽ

മഴക്കാലത്ത് വെള്ളക്കെട്ടുമൂലം തടസം ഉണ്ടാകാറുണ്ട്. പ്ളാന്റിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഒരുലക്ഷംലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ ലീച്ചറ്റ് ശേഖരിച്ച് അത് ടാങ്കർട്രക്കിൽ സെപ്റ്റേജ് ടാങ്കിൽ കൊണ്ടുപോയി സംസ്കരിക്കുന്നു. മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകുന്നില്ല. സെപ്റ്റേജ് പ്ളാന്റിൽനിന്ന് ഇരുനൂറ് മീറ്റർ ദൂരെയുള്ള ചിത്രപ്പുഴയിലേക്ക് മലിനജലം എത്തില്ല. സെപ്റ്റേജ്പ്ളാന്റ് പ്രവർത്തനക്ഷമമാണെന്ന് പി.സി.ബിക്ക് നൽകിയ കത്തിൽ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. വ്യവസായശാലകളെക്കുറിച്ച് മൗനം പാലിക്കുന്ന പി.സി.ബി എല്ലാ കുറ്റവും പ്ളാന്റിന്റെമേൽ ചുമത്തുകയാണെന്നും കാേർപ്പറേഷൻ ആരോപിച്ചു.