കൊച്ചി: ലക്ഷദ്വീപ് നിവാസികൾക്കു നേരെ കേന്ദ്രസർക്കാർ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമർശത്തെ തുടർന്ന് കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ജസ്റ്റിസ് അശോക് മേനോൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാടു തേടി. അതേസമയം, അയിഷയുടെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയവരിലൊരാളായ പ്രതീഷ് വിശ്വനാഥൻ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.