കുറുപ്പംപടി: കൊവിഡ് കാലഘട്ടത്തിൽ ആരോഗ്യമേഖലയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൂങ്ങാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആശുപത്രി വികസന സമിതി യോഗം ചേർന്നു. ഹോസ്പിറ്റലിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുവാനും അടിയന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും അടുത്തയാഴ്ച മുതൽ ഈവനിംഗ് ഒ.പി ആരംഭിക്കാൻ തീരുമാനിച്ചു. എൻ.എച്ച് ഫണ്ട് ഉപയോഗിച്ചുള്ള ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനും കൊവിഡ് വാക്സിനേഷൻ കൂടുതൽ ജനകീയമാക്കി എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി നടപടികൾ കൈക്കൊള്ളുവാൻ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ച യോഗം എൽദോസ് പി കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ സി.ജെ ബാബു, മെമ്പർമാരായ ലതാഞ്ജലി മുരുകൻ, ഡെയ്സി ജെയിംസ് , ടി.ആർ.നാരായണൻ നായർ, സോജാ റോയി, വേങ്ങൂർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ, ആരോഗ്യവകുപ്പിലെ ഡോക്ടർ സൈനബ, ഹെൽത്ത് സൂപ്രണ്ട് രാധാകൃഷ്ണൻ, എച്ച്.എം.സി അംഗങ്ങളായ, കെ.പി.വർഗീസ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.