santhy

കൊച്ചി: ശാന്തിക്കും അഞ്ചു മക്കൾക്കും ഇനി മഴയെയും കാറ്റിനെയും പേടിക്കാതെ അന്തിയുറങ്ങാം. വല്ലാർപാടം കണ്ടെയ്‌നർ റോഡരികിൽ ഷെഡിൽ ഒമ്പത് മാസം ദുരിതജീവിതം നയിച്ച ശാന്തിക്ക് താത്കാലിക വീടായി. വൈകാതെ സ്വന്തമായി വീട് ലഭിക്കും.

പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശന്റെ ഇടപെട്ടാണ് കോതാട്ട് വാടകവീട് നൽകിയത്. തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റിനു കീഴിലെ സായിഗ്രാമാണ് പുനരധിവാസം ഏറ്റെടുത്തത്.

ഗൃഹപ്രവേശനം ഹൈബി ഈഡൻ എം.പി നിലവിളക്ക് കൊളുത്തി നിർവഹിച്ചു. തുടർന്ന് പാലുകാച്ചി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, കടമക്കു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എൽസി ജോസഫ്, ഷാരോൺ പനയ്ക്കൽ, പഞ്ചായത്തംഗങ്ങളായ ജൈനി സെബാസ്റ്റ്യൻ, ഐബിൻ, ടോമി സി.ജി., ജോസി പാവന, എൻ.കെ. ബൈജു എന്നിവർ പങ്കെടുത്തു.

വാഹനാപകടത്തിൽ പരിക്കേറ്റ ഇളയമകളുടെ ചികിത്സയ്ക്കാണ് പാലക്കാട് നിന്ന് വരാപ്പുഴയിൽ താമസം ആരംഭിച്ചത്. മൂത്തമകൻ രാജേഷ് കുമാറിന് വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് രണ്ട് മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമായതോടെ കുടുംബം പ്രതിസന്ധിയിലായി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വി.ഡി.സതീശൻ എം.എൽ.എ സൗകര്യങ്ങൾ ലഭ്യമാക്കി. തുടർചികിത്സയ്ക്കും ദൈനംദിന കാര്യങ്ങൾക്കും പലരും സഹായിച്ചെങ്കിലും തെരുവിൽ അഭയം തേടി.

ചികിത്സയ്ക്ക് പണം കണ്ടെത്താൻ വൃക്ക വിൽക്കാനുണ്ടെന്ന് ശാന്തി ബോർഡെഴുതി റോഡരുകൽ വച്ചതോടെ നിരവധിപേർ സഹായത്തിനെത്തി. തുടർന്നാണ് പ്രതിപക്ഷ നേതാവ് താമസത്തിന് സൗകര്യം ഒരുക്കിയത്.

സ്വന്തമായി വീട് നൽകും

ശാന്തിക്കും അഞ്ച് മക്കൾക്കും സ്വന്തമായി വീട് നൽകും. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്ബറിന്റെ നേതൃത്വത്തിൽ നെട്ടൂരിലെ വ്യാപാരി സുഹൃത്തുകളുടെ കൂട്ടായ്‌മ ഭൂമിയും വീടും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

ഹൈബി ഈഡൻ എം.പി