ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ഒരു മാസത്തിലേറെയായി അട‌‌ഞ്ഞുകിടക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ അർഹമായ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോളി ചക്യാത്ത്, ജനറൽ സെക്രട്ടറി വി.വി. ജയൻ, ട്രഷറർ ഹുസൈൻ കുന്നുകര എന്നിവർ ആവശ്യപ്പെട്ടു. നിരവധി വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. ഇത് കൊവിഡ് മരണത്തേക്കാൾ ഭയാനകമായി മാറിയേക്കാം. മാനദണ്ഡങ്ങൾ കർശനമാക്കി കടകൾ തുറക്കാൻ അനുവദിക്കുക. ബാങ്ക് വായ്പകൾക്ക് പലിശരഹിത മൊറട്ടോറിയവും ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക, മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകുക, അടഞ്ഞുകിടന്ന മാസത്തിലെ വൈദ്യുതിബിൽ, വെള്ളക്കരം എന്നിവ എഴുതിത്തള്ളുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.