പറവൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമത്തിലായ വിദ്യാർത്ഥിക്ക് സഹായവുമായി ചെറിയപ്പിള്ളി ചങ്ക്സ് വാട്ട്സാപ്പ് കൂട്ടായ്മ. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിലെ നമ്പൂരിപറമ്പ് വീട്ടിൽ സുഭാഷ് - പ്രീത ദമ്പതികളുടെ മകൻ കൈതാരം ഗവ. വി.എച്ച്.എസ്.എസിലെ ആറാംക്ളാസ് വിദ്യാർത്ഥി അഭിനവ് സുഭാഷാണ് ക്ലാസ് ആരംഭിച്ചതോടെ പഠനത്തിന് സൗകര്യമില്ലാതെ വിഷമത്തിലായത്. പഠനം മുടങ്ങാതിരിക്കാൻ കുട്ടി ആലുവയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്ലാസിൽ പങ്കെടുത്തത്. ഇത് കുട്ടിയുടെ അമ്മ വാർഡുമെമ്പർ എ.കെ. രാജേഷ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി. ചങ്ക്സ് വാട്ട്സാപ്പ് കൂട്ടായ്മയിലെ ഒരുകൂട്ടം യുവാക്കൾ ഇതറിഞ്ഞ് മൊബൈൽ ഫോൺ വാങ്ങിനൽകുകയായിരുന്നു. പ്രിൻസ്, ലിബിൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ അമ്മ പ്രീതയ്ക്ക് മൊബൈൽഫോൺ കൈമാറി.