ആലുവ: റബറിന്റെ താങ്ങ് വില 250 രൂപയാക്കി ഉയർത്തുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഇടത് സർക്കാർ പാലിക്കണമെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വെർച്വൽ റബർ കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ആർ.എസ്.എസ് നാലിന് 178 രൂപയാണ് മാർക്കറ്റ് വില ലഭിക്കുന്നത്. റബർ ഇറക്കുമതി ചെയ്യണമെങ്കിൽ കിലോഗ്രാമിന് 230 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് ചെലവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി മുഖ്യസന്ദേശം നൽകി.