bevq

കൊച്ചി: ഒരു കുപ്പി പൊട്ടിച്ചടിക്കാനുള്ള കാത്തിരിപ്പ് ഇനി നീളില്ല. ഇന്നു മുതൽ മദ്യം വിതരണം ചെയ്യാൻ റെ‌ഡിയാണെന്ന് ബെവ്ക്യു ആപ്പിന്റെ നി‌ർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ്. സ‌ർക്കാ‌‌ർ അനുമതിയൊന്ന് കിട്ടണമെന്ന് മാത്രം. നാളെയോ തിങ്കളാഴ്ചയോ ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെയാണ് മദ്യപന്മാർക്ക് സന്തോഷം നൽകുന്ന തീരുമാനം സർക്കാർ പറഞ്ഞത്.

നയപരമായ തീരുമാനത്തിൽ കുടുങ്ങി ബിവറേജസ് കോർപ്പറേഷന്റെ ഹോംഡെലിവറി പ്രതീക്ഷ രണ്ടാം വട്ടവും മുടങ്ങിയതോടെയാണ് ബെവ്ക്യുവിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. മദ്യ വിതരണത്തിന് ആപ്പിനെ വീണ്ടും പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവന്നതോടെ ഫെയർകോഡ് മിനുക്കുപണികളിലായിരുന്നു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ബെവ്ക്യൂ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് അവരുടെ ടോക്കൺ ജനറേറ്റ് ചെയ്ത് ഔട്ട്‌ലെറ്റിലെ വരിയിൽ സ്ഥാനം ഉറപ്പിക്കാം.

2020 മേയ് 28ന് പ്ലേ സ്റ്റോറിൽ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവർത്തനം താത്കാലികമായി നിറുത്തിയത്. ആറര ലക്ഷം പേർ ആപ്പ് ഉപയോഗിച്ചു; ആറര കോടിയോളം ടോക്കണുകൾ വിതരണം ചെയ്തു.

കോർപ്പറേഷൻ നിർദ്ദേശിക്കുന്ന മാറ്രങ്ങൾ വരുത്താൻ രണ്ട് ദിവസം വേണ്ടി വരും. നിലവിൽ ആപ്പ് പ്രവർത്തന സജ്ജമാണ്.

എം.ജി.കെ വിഷ്ണു,സി.ഇ.ഒ,​ ബെവ്ക്യു ആപ്പ്