കൊച്ചി: മുൻകൂർ പണം വാങ്ങിയ ശേഷം അപ്പാർട്ട്മെന്റുകൾ കൃത്യസമയത്ത് നിർമ്മിച്ചു നൽകിയില്ലെന്ന കേസിൽ ഡി.എൽ.എഫ് ഹോം ഡെവലപ്പേഴ്സ് കമ്പനിക്കെതിരെ ആർബിട്രേറ്റർ വിധിച്ച നഷ്ടപരിഹാരത്തുക ഹൈക്കോടതിയും ശരിവച്ചു. 80 ലക്ഷം രൂപ മുതൽ 2.5 കോടി രൂപ വരെ വിലവരുന്ന അപ്പാർട്ട്മെന്റുകൾക്ക് മുൻകൂർ പണം അടച്ചവർക്ക് കൃത്യ സമയത്ത് വീടുകൾ നിർമ്മിച്ചു കൈമാറിയില്ലെന്നായിരുന്നു പരാതി. ഇവർ മുൻകൂറായി നൽകിയ തുകയും 18 ശതമാനം പലിശയും നൽകാൻ ആർബിട്രേറ്റർ വിധിച്ചിരുന്നു.
വിധി നടപ്പാക്കാൻ വൈകിയാൽ പിന്നീടുള്ള കാലതാമസത്തിന് ഒമ്പതു ശതമാനം പലിശ കൂടി ആവശ്യപ്പെടാനും പരാതിക്കാർക്ക് അനുമതി നൽകിയിരുന്നു. ഇതിനെതിരെ ഡി.എൽ.എഫ് നൽകിയ ഹർജികൾ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി എറണാകുളം അഡി. ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.