kiosk
സ്മാർട്ട് പൊലീസ് കിയോസ്കിന്റെ പ്രവർത്തനം കമ്മിഷണർ സി.എച്ച് നാഗരാജു വിശദീകരിക്കുന്നു

കൊച്ചി: കടവന്ത്രയ്ക്ക് പിന്നാലെ ഹൈക്കോട്ട് ജംഗ്ഷനിലും സ്മാർട്ട് പൊലീസ് കിയോസ്കായി. അടിയന്തരമായി സ്റ്റേഷനിലെത്താൻ സാധിക്കാത്തവർക്കും സ്വകാര്യത സംരക്ഷിച്ച് പരാതി നൽകേണ്ടവർക്കും വേണ്ടിയാണ് പൊലീസ് സ്മാർട്ട് കിയോസ്കുകൾ സ്ഥാപിക്കുന്നത്. മറ്റ് ജില്ലകളിൽ ഇതു സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ മാത്രം പുരോഗമിക്കവെയാണ് കൊച്ചി സിറ്റി പൊലീസ് നഗരത്തിൽ രണ്ടാമത്തെ കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്. ഹൈക്കോട്ട് ജംഗ്ഷനിലെ പൊലീസ് ക്ലബിൽ സ്ഥാപിച്ചിട്ടുള്ള കിയോസ്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

പൊലീസ് കിയോസ്‌കിൽ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടർ കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കംപ്യൂട്ടറുമായി ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സ്‌ക്രീനിൽ സ്പർശിക്കുമ്പോൾ മുതൽ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു സംവദിക്കാൻ സാധിക്കും. പരാതി ബോധിപ്പിക്കുന്നതിനൊപ്പം രേഖാമൂലം സമർപ്പിക്കാനും അവസരമുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ വ്യക്തികൾക്ക് സ്റ്റേഷൻ സന്ദർശിക്കാതെ സുരക്ഷിതമായി പൊലീസിൽ പരാതി നൽകാമെന്നതാണ് നേട്ടം. സ്വകാര്യത സംരക്ഷിച്ച് നൽകേണ്ട പരാതികളുടെ കാര്യത്തിലും കിയോസ്‌ക് ഉപയോഗപ്പെടുത്താം. വനിതകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി പരാതി നൽകാൻ ഈ സംവിധാനം ഉപയോഗിക്കാം. നാലോളം പരാതികളാണ് നിലവിൽ കടവന്ത്രയിലെ കിയോസ്ക് വഴി ലഭിച്ചത്. ഇതിലൊന്ന് സൈബർ കുറ്റുവുമായുള്ള പരാതിയാണ്. അതിൽ അന്വേഷണം പുരോഗമിക്കുകയാണ്.