കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠച്ചാൽ പ്രദേശത്ത് 18 വീടുകൾക്ക് സമീപം ജീവന് ഭീഷണിയായി നിൽക്കുന്ന 33 വൻ മരങ്ങൾ മുറിക്കണമെന്ന റെയ്ഞ്ച് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മൂവാറ്റുപുഴ ഡി.എഫ്.ഒക്കും ആർ.ഡി ഒക്കുമാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസറാണ് മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് 2018 ഒക്ടോബറിൽ മരങ്ങൾ മുറിക്കണമെന്ന് റിപ്പോർട്ട് നൽകിയത്. തുടർന്ന് മൂവാറ്റുപുഴ ആർ.ഡിഒയും ഇതേ നിർദ്ദേശം മൂവാറ്റുപുഴ ഡി.എഫ്.ഒയ്ക്കും കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും നൽകി. മൂന്നു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വളരെ ഭീതിയോടെയാണ് പ്രദേശത്തെ ജനങ്ങൾ കഴിയുന്നത്. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലായ് 19 ന് പരിഗണിക്കും.