കൊച്ചി: പത്രക്കടലാസു കൊണ്ട് പായ്ക്കറ്റുകൾ നിർമ്മിച്ച് കടകളിൽ നൽകി വിദ്യാർത്ഥികൾ. റീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ് പരിസ്ഥിതി സൗഹാർദ്ദമായ കവറുകൾ നിർമ്മിക്കുന്നത്. വീട്ടിലെ പഴയ പത്രങ്ങളുപയോഗിച്ചാണ് പല വലിപ്പത്തിലുള്ള കവറുകൾ നിർമ്മിക്കുന്നത്. തങ്ങളുടെ വീടിനടുത്തുള്ള കടകളിലും സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പുകളിലും ഇവ വിതരണം ചെയ്യുകയും ചെയ്തു. ഫാർമസിയിലേക്ക് ഉപകരിക്കുന്ന കവറുകളും കുട്ടികൾ നിർമ്മിച്ച് സർക്കാർ ആശുപത്രിയിലേക്ക് നൽകിയിരുന്നു. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം , സാധനങ്ങളുടെ പുനരുപയോഗം എന്നിവ കുട്ടികളെ പഠിപ്പിക്കാനായിട്ടാണ് റീഡ് ക്ലബ് ആശയം കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇതിനോടകം നൂറിലേറെ കുട്ടികൾ പദ്ധതിയുടെ ഭാഗമായി. റീഡ് ക്ലബ് പ്രതിനിധികൾ പത്രക്കടലാസിൽ നിന്ന് ബാഗ് എന്ന ആശയം സാമൂഹികമാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. കൊച്ചി, പാലക്കാട്, സേലം, ബെംഗളൂരു, മുംബെയ്, സെക്കന്തരബാദ് എന്നീ സ്ഥലങ്ങളിലെ വിദ്യാർത്ഥികളും ബാഗ് നിർമ്മാണത്തിൽ പങ്കാളികളായി.