കൊച്ചി: എതിർപ്പുകൾക്കിടെ ലക്ഷദ്വീപ് വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് കവരത്തിയിൽ തുടക്കമായി. പുതുതായി നിർമ്മിക്കുന്ന ആയുഷ് ആശുപത്രിയുടെയും നഴ്സിംഗ് ഹോമിന്റെയും നിർമ്മാണത്തിന് കവരത്തി തെക്ക് ഭാഗത്താണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിരിച്ച് കൊടികൾ നാട്ടിയത്. പി.ഡബ്ല്യു.ഡി സ്റ്റോർ, ചിൽഡ്രൻസ് പാർക്ക്, ഹാർബർ, വൈദ്യുതിവകുപ്പ് ഓഫീസുകൾ എന്നിവയ്ക്കു സമീപത്തെ സ്ഥലങ്ങളാണിവ. ആശുപത്രി നിർമ്മാണം ഏതു ഭാഗത്താണെന്ന് അന്തിമ തീരുമാനമായിട്ടില്ല.
ഏറ്റെടുത്ത സ്ഥലങ്ങൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ സന്ദർശിച്ചു. പുതിയതായി നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിന്റെ പ്രവൃത്തികളും നേരിട്ട് വിലയിരുത്തി.
അതേസമയം, ഭൂമി തർക്കത്തിലുള്ളതാണെന്ന് പറഞ്ഞ് ഇന്നലെ ദ്വീപ് നിവാസികൾ രംഗത്തുവന്നു. ഏറ്റെടുത്ത സ്ഥലത്ത് രണ്ട് വീടുകളുണ്ട്. വർഷങ്ങൾക്കു മുൻപ് തങ്ങൾക്ക് പതിച്ചു തന്ന ഭൂമിയാണിതെന്നാണ് കൈവശക്കാരുടെ പരാതി.
കടലിനോടു ചേർന്ന ഇവിടം ആശുപത്രി നിർമ്മാണത്തിന് യോജിച്ചതല്ലെന്ന് ദ്വീപുവാസികൾ പറയുന്നു. ഉപ്പുകാറ്റ് ആശുപത്രി ഉപകരണങ്ങൾ ദ്രവിപ്പിക്കുമെന്നാണ് വാദം.
അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിൽ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കൽ. പ്രതിഷേധങ്ങളുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തോടെ നടപടികൾ വേഗത്തിലായി.
പട്ടേലിനെതിരെ
ദാമൻ ദിയു ഉദ്യോഗസ്ഥർ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അഴിമതി നടത്തിയെന്ന ആരോപണമുന്നയിച്ച് കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 2016 ൽ 400 കോടിയുടെ നിർമ്മാണ കരാറുകൾ വേണ്ടപ്പെട്ടവർക്ക് നൽകിയെന്നും ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 17.5 കോടി ധൂർത്തടിച്ചെന്നും പരാതിയിലുണ്ട്. പൊതുമരാമത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പേരിലാണ് കത്ത്.