ആലുവ: മാലിന്യങ്ങൾ കുമിഞ്ഞുകൂടി റെയിൽവേ സ്റ്റേഷൻ പരിസരം രോഗവ്യാപന കേന്ദ്രമായിട്ടും നടപടിയെടുക്കാതെ അധികൃതർ. റെയിൽവേ സ്റ്റേഷന് മുൻവശം നടപ്പവകാശത്തിന്റെ പേരിൽ റെയിൽവേയുമായി കേസ് നിലനിൽക്കുന്ന വഴിയാണ് മാലിന്യകേന്ദ്രമായത്. സമീപം മഴവെള്ളവും കെട്ടിനിൽക്കുന്നതിനാൽ പരിസരത്തെ കച്ചവടക്കാരെല്ലാം രോഗവ്യാപന ഭീതിയിലാണ്.
ലോക്ക് ഡൗണിനെത്തുടർന്ന് ട്രെയിൻ സർവീസ് നിലച്ചതിനാലും കച്ചവട സ്ഥാപനങ്ങൾ ഭാഗീകമായി തുറന്നതിനാലും റെയിൽവേ സ്റ്റേഷൻ പരിസരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനസഞ്ചാരം നാമമാത്രമായിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്ന് മുതൽ റെയിൽവേ സ്റ്റേഷൻ പരിസരം സാധാരണ നിലയിൽ തിരക്കേറും. ട്രെയിനുകളും ഓടിത്തുടങ്ങി. ഈ സാഹചര്യത്തിൽ അഴകുന്ന മാലിന്യങ്ങൾ ഉൾപ്പെടെ കെട്ടികിടക്കുന്നത് രോഗവ്യാപനത്തിന് വഴിവെയ്ക്കും.
മഴക്കാലപൂർവ ശുചീകരണം ഭാഗികം
ആലുവ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഭാഗികമായാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ കൗൺസിലർമാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യം നീക്കാത്ത സംഭവവും ഉണ്ടായിട്ടുള്ളത്.
സമീപത്തെ ഓട്ടോറിക്ഷ - ടാക്സി ഡ്രൈവർമാർ ആവശ്യപ്പെട്ടതനുസരിച്ച് നഗരസഭാ കൗൺസിലർ പി.എസ്. പ്രീതയും ബി.ജെ.പി ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് വർഗീസും സ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർമാന്റെയും ആരോഗ്യവിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇരുവരും ഉറപ്പുനൽകി.