കൊച്ചി: ഫോൺനമ്പറോ ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ തെരുവിൽ കഴിയുന്ന 35 പേർക്ക് കൊച്ചി കോർപ്പറേഷൻ കൊവിഡ് പ്രതിരോധവാക്സിൻ നൽകി. ഇന്നലെ ആദ്യ ഡോസ് സ്വീകരിച്ച ഇവർക്ക് പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് പിന്നീട് നൽകും. സന്നദ്ധസംഘടനാ പ്രവർത്തകന്റെ ഫോൺനമ്പറും വിലാസവും ഉപയോഗിച്ചാണ് കൊവിൻ സൈറ്റിൽ എല്ലാവരെയും രജിസ്റ്റർ ചെയ്തത്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.

എറണാകുളം ടൗൺഹാളിലെ കോർപ്പറേഷന്റെ കൊവിഡ് കൺട്രോൾ റൂമിൽ കുത്തിവയ്പ്പും അരമണിക്കൂർ കാത്തിരിപ്പും കഴിഞ്ഞ് പാരസെറ്റമോൾ ഗുളികകളും ഉച്ചഭക്ഷണ പൊതികളുമായി അവർ സന്തോഷത്തോടെ തെരുവിലേക്ക് മടങ്ങി. കൂടുതൽ പേർക്ക് വരുംദിവസങ്ങളിൽ വാക്സിൽ നൽകും.

കലൂർ, നോർത്ത് ഭാഗങ്ങളിൽ മാത്രം നൂറോളം പേർ തെരുവിൽ ഉറങ്ങുന്നതായാണ് കണക്ക്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് കോർപ്പറേഷൻ ഇവരുടെ വിവരങ്ങൾ ശേഖരിച്ചത്. വാക്സിൻ എടുത്താൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന സംശയം മൂലം സന്നദ്ധപ്രവർത്തകരെ ഒളിച്ചുനടക്കുന്നവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആഴ്ച മാസ്കും സാനിറ്റൈസറും കോർപ്പറേഷൻ ഇവർക്ക് വിതരണം ചെയ്തിരുന്നു. തുടർന്നാണ് വാക്സിൻ നൽകാനും തീരുമാനിച്ചത്.

എറണാകുളം നഗരത്തിലെ തെരുവിൽ കഴിയുന്ന എണ്ണൂറോളം പേർക്ക് വിവിധ സംഘടനകൾ ദിവസവും ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. ആദ്യ ലോക്ക്ഡൗണിനിടെ ഇവരെയെല്ലാം എറണാകുളം എസ്.ആർ.വി സ്കൂളിലും മഹാരാജാസ് കോളേജിലും ഒരുക്കിയ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

 ക്ഷേമം ഉറപ്പാക്കും

തെരുവിൽ കഴിയുന്നവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് വാക്സിനേഷൻ. നിശ്ചിതസമയത്ത് രണ്ടാം ഡോസും നൽകും. ബാക്കിയുള്ളവർക്കും അടുത്ത ദിവസങ്ങളിൽ വാക്സിൻ നൽകാനാണ് ലക്ഷ്യം.

അഡ്വ.എം.അനിൽകുമാർ

മേയർ