കൊച്ചി: അതിരൂക്ഷമായ കടലാക്രമണങ്ങളിൽ സ്ഥലവും വീടുകളും നഷ്ടപ്പെട്ട തീരവാസികളുടെ പുനരധിവാസത്തിന് പ്രത്യേകപാക്കേജ് നടപ്പാക്കണമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ് ഫോർ ലിബറേഷൻ (കടൽ) സംഘടിപ്പിച്ച തീരദേശരൂപതകളുടെ നേതൃസമ്മേളനം ആവശ്യപ്പെട്ടു. പുനർഗേഹം പദ്ധതി പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തീരസംരക്ഷണം, പുനർഗേഹം പദ്ധതികൾ നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ കേരളകൗമുദി കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അവയിൽ അടിയന്തര ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. തീരദേശത്ത് വീടുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണം. പുനർഗേഹം പുനരധിവാസപദ്ധതി പൊളിച്ചെഴുതണം. പദ്ധതിയിലെ നഷ്ടപരിഹാരത്തുക നീതിയുക്തമല്ല. നിലവിലെ സ്ഥലവിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കണം.
പുനർഗേഹം പദ്ധതിയിൽ മാറ്റിപ്പാർപ്പിച്ച പല കുടുംബങ്ങളും കൊള്ളപ്പലിശയ്ക്ക് കടമെടുത്താണ് വീടുപണിതത്. പദ്ധതി നടപ്പാക്കാൻ മത്സ്യവകുപ്പ് 2020 ജനുവരി 7 ന് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണം. വ്യവസ്ഥകൾ തീരദേശവാസികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതും മനുഷ്യാവകാശ ലംഘനവുമാണ്.
ദുരന്തം നേരിടുന്നവർ കടലിനടുത്ത് വീട് പണിതവരല്ല. പരമ്പരാഗതമായി താമസിക്കുന്നവരാണ്. അന്ന് കടൽ ഏറെ ദൂരെയായിരുന്നു. നഷ്ടമായത് പരമ്പരാഗതമായുള്ള സ്വന്തംസ്ഥലമാണ്. പട്ടയമുള്ളവരും ഇല്ലാത്തവരുമെന്ന തരംതിരിവില്ലാതെ കൈവശമുള്ള ഭൂമിക്ക് തുല്യമായ നഷ്ടപരിഹാരം നൽകണം. പുനരധിവാസത്തിന് സർക്കാർ സ്ഥലം ഏറ്റെടുക്കണം. തീരസംരക്ഷണ, പുനരധിവാസപ്രവർത്തനങ്ങളിൽ വേഗതയും പുരോഗതിയുമില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കടൽ ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, 'കടൽ' എക്‌സിക്യുട്ടീവ് ചെയർമാൻ മോൺ യൂജിൻ പെരേര, ഡയറക്ടർ ഡോ. ആന്റണിറ്റോ പോൾ, വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, കെ.എൽ.സി.എ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, കടൽ സെക്രട്ടറി പി.ആർ. കുഞ്ഞച്ചൻ തുടങ്ങിയവർ സംസാരിച്ചു.