elephent-issue

കൊച്ചി: പൂരങ്ങളും ഉത്സവങ്ങളും ഇല്ലാതായതോടെ അണപ്പട്ടിണിയിലായ ആനകൾക്ക് കഴിഞ്ഞ ലോക്ക് ഡൗണിൽ റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഭക്ഷ്യക്കിറ്റ് ഇക്കുറിയില്ല.

ഒരാനയെ പോറ്റാൻ പാപ്പാൻമാരുടെ വേതനം അടക്കം ദിവസം അയ്യായിരം രൂപയോളം ചെലവുള്ളതിനാൽ ഭക്ഷ്യക്കിറ്റ് വലിയൊരാശ്വാസമായിരുന്നു. ഒരാനയ്ക്ക് ഒരു ദിവസം 400 രൂപ കണക്കാക്കി 16,000 രൂപയുടെ കിറ്റാണ് ഓരോ മാസവും നൽകിയിരുന്നത്.

കേരളത്തിൽ വ്യക്തികൾക്കും ദേവസ്വങ്ങൾക്കുമായി 476 ആനകളുണ്ട്. 364കൊമ്പനും 93 പിടിയും 19 മോഴകളുമാണ്.

പാപ്പാന്മാ‌രും പട്ടിണിയിൽ

ഒരാനയ്ക്ക് നാലു ചട്ടക്കാർ വേണമെന്നാണ് നിയമം. ഒരു ദിവസത്തെ കൂലി 500 മുതൽ 1000 രൂപ വരെ. മൊത്തം 1180 പാപ്പാന്മാരുണ്ട്. ഉത്സവങ്ങളില്ലാതായതോടെ പല ആനകൾക്കും ഒന്നാം പാപ്പാൻ മാത്രമേയുള്ളൂ. കൊമ്പ് കാശും (ഉത്സവക്കമ്മിറ്റിക്കാ‌ർ പാരിതോഷികമായി നൽകുന്ന തുക) ഇല്ലാതായി. 2000 മുതൽ 5000 രൂപ വരെ പാപ്പാന്മാ‌ർക്ക് കൊമ്പ് കാശായി ലഭിക്കാറുണ്ട്.

കഴിഞ്ഞ രണ്ട് ഉത്സവകാലവും നഷ്ടപ്പെട്ടതോടെ ആന ഉടമകളുടെയും തൊഴിലാളികളുടെയും കുടുംബങ്ങൾ ദുരിതത്തിലാണ്. കൊവിഡ് കാലത്ത് സർക്കാർ എല്ലാ വിഭാഗങ്ങൾക്കും അനുകൂല്യങ്ങൾ നൽകിയപ്പോഴും ആനത്തൊഴിലാളികളെ അവഗണിച്ചു. ഇത്തവണ ആനറേഷനും മുടങ്ങിയെന്ന് ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ പറഞ്ഞു.

ആന റേഷൻ:

അരി -120കിലോ, ഗോതമ്പ് -160 കിലോ,

റാഗി -120 കിലോ, ചെറുപയർ -20 കിലോ,

മുതിര -20 കിലോ ഉപ്പ് -2.2 കിലോ,

മഞ്ഞൾ -400 ഗ്രാം, ശർക്കര -6 കിലോ.

ഭക്ഷണം (ഒരു ദിവസം):

പട്ട,പുല്ല് - 500 കിലോ,

അരി - 5 കിലോ,

അവിൽ - 3 കിലോ,

പഴങ്ങൾ- 10 കിലോ