കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) സഹായത്തോടെ ജലഅതോറിറ്റി 502 ഗുണഭോക്താക്കൾക്ക് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. തേവരഫെറി ഭാഗത്തുള്ള കണക്ഷനുകളാണ് ഇവ. പള്ളിമുക്ക് പബ്ളിക് ഹെൽത്ത് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സി.എസ്.എം.എൽ ഇതിനായി ഒരുകോടിരൂപ നൽകും. ജില്ളയിലെ ആദ്യ പദ്ധതിയാണിത്. പുരോഗതി വിലയിരുത്തിയശേഷം ജില്ല മുഴുവൻ വ്യാപിപ്പിക്കും. കഴിഞ്ഞ നവംബറിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പള്ളിമുക്ക്, വൈറ്റില, കരുവേലിപ്പടി, കലൂർ, കൊച്ചി ഡിവിഷനുകളിലാണ് അടുത്തഘട്ടം നടപ്പാക്കുക. കുടിവെള്ളവിതരണം തടസപ്പെടുന്ന പ്രധാനപ്രശ്നത്തിനും ഇതോടെ പരിഹാരമാകും.
സ്മാർട്ട് മീറ്ററുകൾ
ആവശ്യത്തിന് മീറ്റർ റീഡർമാരില്ലാത്തതിനാൽ വെള്ളക്കരം കൃത്യമായി ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും.ഗാർഹിക കണക്ഷനുകളിലെ മീറ്ററുകൾ പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ 25 ലക്ഷം ഉപഭോക്താക്കൾക്കായി നാനൂറിൽ താഴെ മീറ്റർ റീഡർമാരാണുള്ളത്. കുടുംബശ്രീയെയാണ് മീറ്റർ റീഡിംഗിന് നിയോഗിച്ചിരിക്കുന്നത്. സ്മാർട്ട് മീറ്ററുകൾ വ്യാപകമാവുന്നതോടെ ജീവനക്കാരില്ലാത്ത പ്രശ്നവും പരിഹരിക്കപ്പെടും.
വരുമാന, വിതരണനഷ്‌ടം ഒഴിവാകും
ഗിയർ മീറ്ററുകളാണ് കണക്ഷനുകളിൽ ഭൂരിഭാഗവും. പൈപ്പുലൈനിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയനുസരിച്ച് റീഡിംഗ് കണക്കാക്കുന്ന രീതിയാണിത്. എന്നാൽ പഴയരീതിയിലുള്ള ഗിയർ മീറ്ററുകൾവഴി ഒഴുകുന്ന വെള്ളത്തിന്റെ എഴുപതു ശതമാനമേ രേഖപ്പെടുത്താനാവൂ. ഇത് വലിയ വരുമാനനഷ്ടത്തിന് ഇടയാക്കുന്നു. സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ജലഉപഭോഗം കൃത്യമായി കണക്കാക്കാനാവും. വിതരണനഷ്ടം ഒഴിവാക്കാം.ജലമോഷണം തടയാം. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 35-40 ശതമാനവും വിതരണനഷ്‌ടമായി പോകുകയാണ്. ആരംഭഘട്ടത്തിൽ അഞ്ചും വിതരണഘട്ടത്തിൽ 30-35 ശതമാനവുമാണ് പാഴാകുന്നത്.
പ്രവർത്തനരീതി
ടാപ്പിനും പൈപ്പ്‌ലൈനിനും ഇടയിൽ സ്ഥാപിക്കുന്ന ചിപ്പ് വഴി ജലഉപഭോഗം കണക്കാക്കാനാവും. ഉറവിടത്തിലും പൈപ്പുലൈനിലുമൊക്കെ ചിപ്പ് സ്ഥാപിക്കുന്നതിനാൽ വിതരണം മുടങ്ങിയാലോ പൈപ്പ് പൊട്ടിയാലോ എളുപ്പം അറിയാം. മീറ്റർ റീഡിംഗ് ഉപഭോക്താവിന്റെ ഫോണിലേക്ക് ബന്ധിപ്പിക്കാം. രണ്ടുമാസം കൂടുമ്പോൾ ബില്ല് ഫോണിലെത്തും.
ഉടൻ ആരംഭിക്കും
കൊവിഡ് മൂലം പദ്ധതി വൈകി. സ്മാർട്ട് മീറ്ററിന്റെ സ്പെയർ പാർട്സുകൾ വിദേശത്തുനിന്നാണ് എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.കായലിനാൽ ചുറ്റപ്പെട്ട പ്രദേശമായതിനാലാണ് തേവര തിരഞ്ഞെടുത്തത്. ഇതുവഴി പ്രവർത്തനം കൃത്യമായി മനസിലാക്കാം. വെള്ളം പാഴാവുന്നതും മുടങ്ങുന്നതും തടയാൻ പുതിയ സംവിധാനംവഴി കഴിയും.
ടി.പി. പ്രജിലേഷ്
അസി.എൻജിനിയർ, പി.എച്ച്.ഡിവിഷൻ, കൊച്ചി