ആലുവ: ഏഴ് വർഷത്തിലേറെയായി അനിശ്ചിതത്വത്തിലായ ആലുവയിലെ നിർദ്ദിഷ്ട മാർക്കറ്റ് നിർമ്മാണത്തിന് സംസ്ഥാന ഫിഷറീസ് വകുപ്പ് കനിയുമെന്ന പ്രതീക്ഷയിൽ നഗരസഭ. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെത്തുടർന്ന് കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചീഫ് എൻജിനിയർ എം.എ. മുഹമ്മദ് അൻസാരിയും സംഘവും ഇന്നലെ മാർക്കറ്റ് പ്രദേശം സന്ദർശിച്ചു.
മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം
വിശദമായ മാസ്റ്റർ പ്ളാൻ തയ്യാറാക്കാനാണ് തീരുമാനം. നിർദ്ദേശം സമർപ്പിക്കാൻ നഗരസഭ എൻജിനിയറിംഗ് വിഭാഗത്തോടും പരിശോധനാസംഘം നിർദ്ദേശിച്ചിട്ടുണ്ട്. സാദ്ധ്യതാ പഠനത്തിന് കളമശേരി രാജഗിരി കോളേജിന്റെ സഹായവും തേടും. ജൂലായ് 24ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും പങ്കെടുത്ത് വീണ്ടും യോഗം ചേർന്ന് അന്തിമ മാസ്റ്റർപ്ളാൻ തയ്യാറാക്കും. ഫിഷറീസ് വകുപ്പിൽ നിന്നും ഘട്ടങ്ങളായാണ് ഫണ്ട് ലഭിക്കുന്നതെങ്കിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ നിലവിൽ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന 70 പേർക്ക് മുൻഗണന നൽകും.
മന്ത്രിയുടെ ഇടപെടൽ, നടപടികൾക്ക് വേഗം
അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭാ അധികൃതർ കഴിഞ്ഞയാഴ്ച മന്ത്രിയെ കണ്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. എം.എൽ.എക്ക് പുറമെ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, പ്രതിപക്ഷ നേതാവ് ശ്രീലത വിനോദ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, മിനി ബൈജു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
സ്വകാര്യ ബാങ്ക്, കെ.യു.ആർ.ഡി.എഫ്.സി, കിഫ്ബി എന്നിവയെയെല്ലാം വായ്പക്ക് സമീപിച്ച് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിനെ സമീപിക്കുന്നത്. ഭൂമിക്ക് രേഖകളില്ലാത്തതിനാലാണ് സ്വകാര്യബാങ്കിൽ നിന്ന് വായ്പ ലഭിക്കാതിരുന്നത്.
കിഫ്ബി അപേക്ഷ പരിഗണിച്ചിട്ടില്ല
കിഫ്ബിയുടെ സാമ്പത്തിക സഹായവാഗ്ദാനം സ്വീകരിക്കാൻ ജനുവരി ഏഴിന് നഗരസഭ തീരുമാനിച്ചെങ്കിലും ബോർഡ് പരിഗണിച്ചിട്ടില്ല. 2020ൽ കിഫ്ബിയിൽ നിന്ന് സമാനമായ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൗൺസിൽ ചർച്ച നടത്തിയെങ്കിലും കെ.യു.ആർ.ഡി.എഫ്.സി വായ്പ സ്വീകരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ പുതിയ ഭരണസമിതി പഴയപദ്ധതി വീണ്ടും പൊടിതട്ടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. 2014ലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചത്.