അങ്കമാലി: തുറവൂർ കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ബൈക്ക് യാത്രക്കാരായ അമ്മയോടും മകനോടും അപമര്യാദയായി പെരുമാറിയതായി പരാതി. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൽദോ ബേബിയാണ് റൂറൽ എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

ലിറ്റിൽഫ്ളവർ ആശുപത്രിയിൽ അമ്മയെ ജോലിക്ക് എത്തിക്കാൻ പോയതായി​രുന്നു എൽദോ. ആശുപത്രി ഐഡന്റി കാർഡും സത്യപ്രസ്താവനയും കൈവശമുണ്ടായിരുന്നു. രേഖകൾ വാങ്ങിയ പൊലീസ് എൽദോയുടെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെട്ടു. പഴ്‌സ് എടുക്കാൻ മറന്നുപോയി, ഉടൻ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടും പൊലീസുകാൾ തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. നാട്ടുകാരും ഓട്ടോഡ്രൈവർമാരും ഇടപെട്ടതോടെ പൊലീസ് പിന്മാറി. ചെങ്ങമനാട് സ്റ്റേഷനിലെ എ.എസ്‌ഐക്കും പൊലീസുകാരനുമെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ഡി.വൈ.എഫ്‌.ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസും പ്രസിഡന്റ് പ്രിൻസ് പോളും ആവശ്യപ്പെട്ടു.

അപകടകരമാംവിധം വാഹനം ഓടിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എൽദോബേബിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് പറഞ്ഞു.